വിക്ടോറിയയിൽ പ്രതിരോധ മേഖലയിലെ കമ്പനിക്കെതിരെ കഴിഞ്ഞ വർഷം നടന്ന തീപിടിത്ത ആക്രമണം തീവ്ര ഇടതുപക്ഷ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഭീകരാക്രമണമാകാമെന്ന നിലയിൽ അന്വേഷണം. മെൽബണിന്റെ വടക്കുകിഴക്കൻ മേഖലയിലെ ലൊവിറ്റ് ഇൻഡസ്ട്രീസിന് നേരെയായിരുന്നു കഴിഞ്ഞ ജൂലൈയിൽ ആക്രമണം. കമ്പനിയുടെ മൂന്ന് വാഹനങ്ങൾക്ക് തീയിടുകയും കെട്ടിടത്തിൽ ഗ്രാഫിറ്റി വരയ്ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നാലെ പുറത്തുവന്ന ഒരു വീഡിയോയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ട സംഘം, "ഇസ്രയേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തുക, അല്ലെങ്കിൽ..." എന്ന ഭീഷണി സന്ദേശവും നൽകിയിരുന്നു.
വിക്ടോറിയ പൊലീസ്, ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (AFP), ഓസ്ട്രേലിയൻ സെക്യൂരിറ്റി ഇന്റലിജൻസ് ഓർഗനൈസേഷൻ (ASIO) എന്നിവ ഉൾപ്പെടുന്ന സംയുക്ത ഭീകരവിരുദ്ധ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. അരാജകവാദ, വിപ്ലവ ആശയങ്ങളുള്ള തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ ആക്രമണത്തിന് പിന്നിലുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അരാജകവാദവും വിപ്ലവ ആശയങ്ങളും പ്രേരണയായേക്കാവുന്ന തീവ്ര ഇടതുപക്ഷ ഭീകരാക്രമണമെന്ന നിലയിൽ ഓസ്‌ട്രേലിയൻ അധികൃതർ അന്വേഷിക്കുന്ന ആദ്യ സംഭവമാണിതെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിന് ഉത്തരവാദികളെന്ന് കരുതുന്നവരെ കണ്ടെത്തുന്നതിനായി ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പിന്നീട് പുറത്തുവന്ന വീഡിയോയിലെ ചിത്രങ്ങളും അന്വേഷണ സംഘം പുറത്തുവിട്ടിട്ടുണ്ട്. പാലസ്തീൻ പതാകയ്ക്ക് മുന്നിൽ കറുത്ത വസ്ത്രം ധരിച്ച ഒരാൾ പ്രത്യക്ഷപ്പെടുന്ന വീഡിയോയിൽ, ഓസ്‌ട്രേലിയയും ഇസ്രയേലും ഉൾപ്പെടുന്ന ആഗോള എഫ്-35 യുദ്ധവിമാന പദ്ധതിക്കായി ഭാഗങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ലൊവിറ്റ് ടെക്നോളജീസിനെ ലക്ഷ്യമിട്ടതെന്ന് അവകാശപ്പെടുന്നു. ആക്രമണത്തിൽ ഉപയോഗിച്ചതിന് സമാനമായ തീബോംബുകൾ നിർമിക്കുന്നതിനുള്ള നിർദേശങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നതായി അധികൃതർ പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് AFP ഡിറ്റക്ടീവ് സൂപ്രണ്ട് ആന്റണി ഹാൾ പറഞ്ഞു. "സംശയിക്കപ്പെടുന്ന പ്രതികളെക്കുറിച്ച് ഞങ്ങൾക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അവരെ തിരിച്ചറിയുന്നതിനാണ് ഇപ്പോൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," അദ്ദേഹം പറഞ്ഞു. തീവ്രവാദ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമൂഹത്തിൽ ഭയവും ആശങ്കയും സൃഷ്ടിക്കുന്ന ഇത്തരം ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയിൽ തീവ്ര ഇടതുപക്ഷ ആശയങ്ങളുടെ വളർച്ചയെക്കുറിച്ച് സുരക്ഷാ ഏജൻസികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വലതുപക്ഷ തീവ്രവാദമാണ് ഇപ്പോഴും ASIOയുടെ അന്വേഷണങ്ങളിൽ വലിയൊരു പങ്ക് വഹിക്കുന്നതെങ്കിലും, അരാജകവാദ, വിപ്ലവ തീവ്രവാദ പ്രവർത്തനങ്ങളിൽ വർധനയുണ്ടായതായി ASIO ഡയറക്ടർ ജനറൽ മൈക്ക് ബർഗസ് കഴിഞ്ഞ വർഷം പറഞ്ഞിരുന്നു.
ഇസ്രയേലിനെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി പ്രതിരോധ കമ്പനികൾക്കെതിരെ തീപിടിത്തം, നശീകരണം, അക്രമാസക്തമായ പ്രതിഷേധങ്ങൾ തുടങ്ങിയ സംഭവങ്ങൾ വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, വിക്ടോറിയയിലെ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം ഓസ്‌ട്രേലിയൻ അധികൃതർ സ്വതന്ത്രമായി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്നും അമേരിക്കൻ ഭരണകൂടത്തിന്റെ തീവ്ര ഇടതുപക്ഷ ഭീകരവാദത്തിനെതിരായ സമീപനവുമായി ഇതിന് ബന്ധമില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.