ഓസ്‌ട്രേലിയൻ റോക്ക് ഗായകനും നടനുമായ ആംഗ്രി ആൻഡേഴ്സൺ  (Lisa Maree Williams/Getty Images)
Victoria

ഓസ്‌ട്രേലിയൻ റോക്ക് ഇതിഹാസം ആംഗ്രി ആൻഡേഴ്സൺ അന്തരിച്ചു

ആംഗ്രി മികച്ച പിതാവും സുഹൃത്തും സംഗീതലോകത്തെ പ്രിയപ്പെട്ട വ്യക്തിത്വവുമായിരുന്നെന്ന് കുടുംബവും റോസ് ടാറ്റൂ ബാൻഡും പ്രസ്താവനയിൽ പറഞ്ഞു.

Safvana Jouhar

മെൽബൺ: ഓസ്‌ട്രേലിയൻ റോക്ക് ഗായകനും നടനുമായ ആംഗ്രി ആൻഡേഴ്സൺ(79) അന്തരിച്ചു. അദ്ദേഹത്തിന്റെ യഥാർഥ പേര് ഗാരി ആൻഡേഴ്സൺ. സെപ്റ്റംബർ 21 തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് റോസ് ടാറ്റൂ ബാൻഡ് അംഗങ്ങൾ അറിയിച്ചു. പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യം. ആംഗ്രി മികച്ച പിതാവും സുഹൃത്തും സംഗീതലോകത്തെ പ്രിയപ്പെട്ട വ്യക്തിത്വവുമായിരുന്നെന്ന് കുടുംബവും റോസ് ടാറ്റൂ ബാൻഡും പ്രസ്താവനയിൽ പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരം ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ആൻഡേഴ്സന്റെ ആരോഗ്യനിലയെ തുടർന്ന് റോസ് ടാറ്റൂവിന്റെ യൂറോപ്യൻ പര്യടനം റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 31ന് അദ്ദേഹത്തിന് ഹൃദയസ്തംഭനം സംഭവിച്ചതായി ബാൻഡ് അറിയിച്ചിരുന്നു.

റോസ് ടാറ്റൂ ബാൻഡ്

1976ൽ റോസ് ടാറ്റൂവിൽ ചേർന്ന ആൻഡേഴ്സൺ ‘Rock ’n’ Roll Outlaw’, ‘We Can’t Be Beaten’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രശസ്തനായി. 1987ൽ പുറത്തിറങ്ങിയ ‘Suddenly’ എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം സോളോ ഗായകനെന്ന നിലയിലും വൻ ജനപ്രീതി നേടിയത്. ‘Neighbours’ എന്ന ടെലിവിഷൻ പരമ്പരയിലെ സ്കോട്ടിന്റെയും ഷാർലീന്റെയും വിവാഹരംഗത്ത് ഈ ഗാനം ഉപയോഗിച്ചിരുന്നു. സംഗീതത്തിന് പുറമെ സിനിമയിലും ടെലിവിഷനിലും അഭിനയിച്ച അദ്ദേഹം Mad Max Beyond Thunderdome, Jesus Christ Superstar തുടങ്ങിയവയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ആംഗ്രി ആൻഡേഴ്സൺ, മകൻ ജാക്കി ബാർൺസൺ

1993ൽ പിന്നാക്കാവസ്ഥയിലുള്ള യുവാക്കൾക്കായുള്ള സേവന പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആൻഡേഴ്സന് മെംബർ ഓഫ് ദ ഓർഡർ ഓഫ് ഓസ്‌ട്രേലിയ (AM) ബഹുമതി ലഭിച്ചിരുന്നു. ബാലപീഡനത്തിനെതിരെയും യുവാക്കളുടെ ക്ഷേമത്തിനായും അദ്ദേഹം സജീവമായി പ്രവർത്തിച്ചു. ആൻഡേഴ്സന്റെ മരണത്തിൽ ജിമ്മി ബാർൺസ് ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു. മകൻ ജാക്കി ബാർൺസിനെ ആൻഡേഴ്സൺ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹത്തെ കരുതലുള്ള വ്യക്തിയെന്നുമാണ് ജിമ്മി ബാർൺസ് അനുസ്മരിച്ചത്. ഗൺസ് എൻ റോസസ് ഗിറ്റാറിസ്റ്റ് സ്ലാഷും സമൂഹമാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തി. ഓസ്‌ട്രേലിയൻ സംഗീതചരിത്രത്തിലെ ശ്രദ്ധേയമായ പബ്-റോക്ക് കാലഘട്ടത്തിലെ പ്രധാന മുഖങ്ങളിലൊരാളായിരുന്നു ആംഗ്രി ആൻഡേഴ്സൺ.

SCROLL FOR NEXT