മെൽബണിലെ ഹോട്ടലിൽ നടന്നതായി ആരോപിക്കപ്പെടുന്ന ലൈംഗികാതിക്രമ സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ, സിഡ്നി സ്വാൻസിലെ അഞ്ച് പ്രധാന താരങ്ങളെ ക്ലബ് ചുമതലകളിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച എസൻഡനെതിരായ മത്സരത്തിന് ശേഷം ഈസ്റ്റ് മെൽബണിലെ Pullman East Melbourne ഹോട്ടലിൽ താമസിച്ചിരുന്ന സിഡ്നി സ്വാൻസ് താരങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
തിങ്കളാഴ്ച പുലർച്ചെ വെല്ലിംഗ്ടൺ പരേഡിലെ ഹോട്ടലിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതായി വിക്ടോറിയ പൊലീസ് അറിയിച്ചു. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് ഹോട്ടലിലെ CCTV ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ചില സിഡ്നി സ്വാൻസ് താരങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പൊലീസുമായി സംസാരിച്ചിട്ടുണ്ട്. ഐസക് ഹീനീ, റൈലി ബൈസ്, ജെയിംസ് ജോർഡൻ, ചാഡ് വാർണർ എന്നിവർ പൊലീസുമായി സംസാരിച്ചതായി റിപ്പോർട്ടുണ്ട്. അഞ്ചാമത്തെ താരത്തിന്റെ അഭിഭാഷകൻ സംഭവത്തിൽ താരത്തിന് പങ്കില്ലെന്ന് നിഷേധിച്ചു.
എന്നാൽ ആരെയും അറസ്റ്റ് ചെയ്യുകയോ ഔദ്യോഗികമായി ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ആരെയും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. എല്ലാ താരങ്ങളും അന്വേഷണത്തിൽ പ്രതികളാണെന്ന് പറയുന്നില്ലെന്നും, ചിലർ അന്വേഷണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം സിഡ്നി സ്വാൻസ് ക്യാപ്റ്റൻ കാലം മിൽസ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കവെ സംഭവത്തെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കി. “ഇത് ഇപ്പോഴും അന്വേഷണത്തിലാണ്. വസ്തുതകൾ ഇതുവരെ ഞങ്ങൾക്ക് അറിയില്ല. അതിനാൽ എനിക്ക് ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ല,” മിൽസ് പറഞ്ഞു.
വിക്ടോറിയ പൊലീസിന്റെ Sexual Crimes Squad ആണ് കേസ് അന്വേഷിക്കുന്നത്. “സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്,” പൊലീസ് അറിയിച്ചു. ഹോട്ടലിൽ ഉണ്ടായിരുന്ന നിരവധി പേരുമായി പൊലീസ് സംസാരിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്യുകയോ ഔദ്യോഗികമായി അഭിമുഖം നടത്തുകയോ ചെയ്തിട്ടില്ല. അന്വേഷണം തുടരുന്നതിനാൽ സംഭവത്തെക്കുറിച്ച് അനാവശ്യവും തെറ്റായതുമായ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് പൊലീസ് മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു. അതേസമയം, ഞായറാഴ്ച എസൻഡനെതിരായ വിജയത്തിന് പിന്നാലെ AFL പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സിഡ്നി സ്വാൻസിന് സംഭവത്തെ തുടർന്നുള്ള അന്വേഷണം വലിയ സമ്മർദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്.