ദക്ഷിണ ഓസ്ട്രേലിയയിലെ കടൽത്തീരത്ത് നിന്ന് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്.  (EP Cruises)
Australia

തിമിംഗലത്തിന്റെ വിസർജ്യത്തിൽ നിന്ന് നിർണായക കണ്ടെത്തൽ; ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള ധാരണ തിരുത്തി

ഇവയുടെ ഭക്ഷണത്തിൽ ചെറു ഞണ്ടുകൾ, ചെമ്മീൻ, ലോബ്സ്റ്റർ കുഞ്ഞുങ്ങൾ തുടങ്ങിയവയ്ക്കാണ് കൂടുതൽ പ്രാധാന്യമുള്ളത്.

Safvana Jouhar

തിമിംഗലത്തിന്റെ വിസർജ്യം (മലം) ഉപയോഗിച്ച് നടത്തിയ പുതിയ പഠനം, ദക്ഷിണ റൈറ്റ് തിമിംഗലങ്ങളുടെ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള വർഷങ്ങളായുള്ള ധാരണ തിരുത്തി. സിഡ്നിയിലെ മക്വാറി സർവകലാശാലയും ന്യൂസിലാൻഡിലെ ഓക്‌ലാൻഡ് സർവകലാശാലയും ചേർന്ന് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ദക്ഷിണ ഓസ്ട്രേലിയയിലെ കടൽത്തീരത്ത് നിന്ന് ശേഖരിച്ച തിമിംഗല വിസർജ്യ സാമ്പിളുകളാണ് ഗവേഷകർ പരിശോധിച്ചത്. സാധാരണയായി തിമിംഗലങ്ങൾ പ്രധാനമായും ക്രിൽ (Krill) എന്ന ചെറുകടൽജീവികളെയാണ് ഭക്ഷിക്കുന്നതെന്നാണ് കരുതിയിരുന്നത്. എന്നാൽ പഠനഫലങ്ങൾ പ്രകാരം, ഇവയുടെ ഭക്ഷണത്തിൽ ചെറു ഞണ്ടുകൾ, ചെമ്മീൻ, ലോബ്സ്റ്റർ കുഞ്ഞുങ്ങൾ തുടങ്ങിയവയ്ക്കാണ് കൂടുതൽ പ്രാധാന്യമുള്ളത്.

ഡോ. എമ്മ കരോൾ

പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകരിലൊരാളായ ഡോ. എമ്മ കരോൾ പറഞ്ഞു, ലഭ്യമായ ഭക്ഷണസ്രോതസ്സുകൾക്കനുസരിച്ച് ഭക്ഷണരീതി മാറ്റാൻ ഈ തിമിംഗലങ്ങൾക്ക് കഴിയുന്നതാണ് അവയുടെ ഏറ്റവും വലിയ പ്രത്യേകത. കാലാവസ്ഥയ്ക്കും പ്രദേശത്തിനും അനുസരിച്ച് ലഭ്യമായ ജീവികളെ ഭക്ഷിക്കുന്ന ഈ സ്വഭാവം ഇവയുടെ അതിജീവനത്തിന് സഹായകമായിട്ടുണ്ടെന്നും അവർ പറഞ്ഞു. 19-ാം നൂറ്റാണ്ടിലെ വ്യാപകമായ വേട്ടയാടലും പിന്നീട് നടന്ന അനധികൃത വേട്ടയും കാരണം ദക്ഷിണ റൈറ്റ് തിമിംഗലങ്ങളുടെ എണ്ണം ലോകത്ത് വെറും 400-ഓളം മാത്രമായി ചുരുങ്ങിയിരുന്നു. എന്നാൽ ഭക്ഷണരീതിയിലെ ഈ പൊരുത്തപ്പെടൽ ശേഷിയുടെ സഹായത്തോടെ ഇവയുടെ എണ്ണം ഇന്ന് ഏകദേശം 15,000 ആയി ഉയർന്നതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അന്റാർട്ടിക്കയിലെ ക്രിൽ ശേഖരം കുറയുന്ന സാഹചര്യത്തിൽ ഈ ഭക്ഷണ വൈവിധ്യം ഭാവിയിൽ തിമിംഗലങ്ങൾക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ പുതിയ ഭക്ഷണരീതി കുഞ്ഞുങ്ങളുടെ വളർച്ചയെയും പ്രജനനത്തെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷകർ അറിയിച്ചു.

ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 52 വിസർജ്യ സാമ്പിളുകളാണ് ഡിഎൻഎ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശോധിച്ചത്. കുടലിലെ സൂക്ഷ്മജീവികളുടെ വിശകലനത്തിലൂടെയാണ് തിമിംഗലങ്ങളുടെ ദീർഘകാല ഭക്ഷണരീതിയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

SCROLL FOR NEXT