Supplied
Australia

ലേബലിലുള്ളതിന്റെ ഇരട്ടി വീര്യം;ഓൺലൈൻ വഴി വിൽക്കുന്ന'റെറ്റാട്രൂട്ടൈഡ്' മരുന്നുകളിൽ ഓവര്‍ഡോസ്‌ ഭീഷണി

അനധികൃത വെബ്‌സൈറ്റിൽ നിന്നും വാങ്ങിയ ഒരു 'റെറ്റാട്രൂട്ടൈഡ് 10mg' ഇഞ്ചക്ഷൻ വയലിൽ യഥാർത്ഥത്തിൽ 19 മില്ലിഗ്രാം മരുന്ന് അടങ്ങിയിട്ടുണ്ടെന്നാണ് ലാബ് പരിശോധനയിൽ തെളിഞ്ഞത്.

Elizabath Joseph

മെൽബൺ: വണ്ണം കുറയ്ക്കാനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പരസ്യങ്ങളിൽ ആകൃഷ്ടരായി ആളുകൾ ഓൺലൈൻ വഴി വാങ്ങുന്ന വ്യാജ പെപ്റ്റൈഡ് മരുന്നുകളിൽ ലേബലിൽ രേഖപ്പെടുത്തിയതിനേക്കാൾ ഇരട്ടിയിലധികം ഡോസ് അടങ്ങിയിരിക്കുന്നതായി കണ്ടെത്തൽ. ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ മാധ്യമം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി മെൽബണിലെ കെമിക്കൽ ടെസ്റ്റിംഗ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഈ ഗുരുതര സുരക്ഷാ വീഴ്ച പുറത്തുവന്നത്. അനധികൃത വെബ്‌സൈറ്റിൽ നിന്നും വാങ്ങിയ ഒരു 'റെറ്റാട്രൂട്ടൈഡ് 10mg' ഇഞ്ചക്ഷൻ വയലിൽ യഥാർത്ഥത്തിൽ 19 മില്ലിഗ്രാം മരുന്ന് അടങ്ങിയിട്ടുണ്ടെന്നാണ് ലാബ് പരിശോധനയിൽ തെളിഞ്ഞത്. ഇത് അവിശ്വസനീയമാംവിധം ഓവര്‍ഡോസിനുള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് മെൽബൺ ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ഡാർസി ഹോൾട്ട് മുന്നറിയിപ്പ് നൽകി. ഉയർന്ന അളവിൽ ഈ മരുന്ന് ശരീരത്തിലെത്തുന്നത് ജീവന് തന്നെ ഭീഷണിയായേക്കാവുന്ന 'സെക്രീറ്ററി ഡയറിയ' (Secretory Diarrhoea) പോലുള്ള മാരകമായ പാർശ്വഫലങ്ങൾക്ക് കാരണമാകും. ഇത്തരം രോഗികളിൽ നിർജ്ജലീകരണവും ശരീരത്തിലെ ലവണങ്ങളുടെ വ്യതിയാനവും മൂലം മരണം വരെ സംഭവിച്ചേക്കാം. കൺട്രോൾഡ് ക്ലിനിക്കൽ ട്രയലുകളിൽ റെറ്റാട്രൂട്ടൈഡ് നല്ല ഫലങ്ങൾ കാണിക്കുന്നുണ്ടെങ്കിലും, ഓൺലൈൻ ബ്ലാക്ക് മാർക്കറ്റിൽ നിന്നും ലഭിക്കുന്ന മരുന്നുകളിൽ കൃത്യമായ അളവോ ഗുണനിലവാരമോ ഉണ്ടാകാറില്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്‌ലൻഡിലെ ഗവേഷകർ വ്യക്തമാക്കി. പ്രശസ്തമായ 'ഓസെംപിക്' (Ozempic) പോലുള്ള മരുന്നുകളുടെ അതേ ഗണത്തിൽപ്പെടുന്ന ഈ മരുന്ന് വിശപ്പ്, ഉപാപചയ പ്രവർത്തനം (Metabolism) എന്നിവയെ നിയന്ത്രിക്കുന്ന ഹോർമോൺ പാതകളെയാണ് സ്വാധീനിക്കുന്നത്. അതിനാൽ ഇതിന്റെ ഇരട്ടി ഡോസ് ശരീരത്തിലെത്തുന്നത് മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

അടിയന്തര ആരോഗ്യ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ്

അനുമതിയില്ലാത്ത ഇത്തരം പെപ്റ്റൈഡ് മരുന്നുകൾ ഉപയോഗിച്ചതിനെത്തുടർന്ന് വിക്ടോറിയ ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിൽ ഒട്ടനവധി പേർക്ക് കടുത്ത കരൾ രോഗബാധ (Acute liver injury) റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഓസ്‌ട്രേലിയൻ ചീഫ് മെഡിക്കൽ ഓഫീസറും ഡ്രഗ് റഗുലേറ്ററായ ടിജിഎയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ടൈപ്പ്-2 പ്രമേഹം, അമിതവണ്ണം എന്നിവയുടെ ചികിത്സയ്ക്കായി റെറ്റാട്രൂട്ടൈഡ് നിലവിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിലാണ്. ഓസ്‌ട്രേലിയയിലോ മറ്റ് അന്താരാഷ്ട്ര തലത്തിലോ ഈ മരുന്നിന് ഇതുവരെ ഔദ്യോഗികമായി മനുഷ്യരിലുള്ള ഉപയോഗത്തിന് അനുമതി നൽകിയിട്ടില്ല. ഇത്തരം വ്യാജ ഓൺലൈൻ മരുന്നുകളിൽ മാരകമായ മറ്റ് രാസവസ്തുക്കളുടെ സാന്നിധ്യമുണ്ടോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ ലാബ് പരിശോധനാ ഫലങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.

SCROLL FOR NEXT