ഗാസയിലെ ദുർബലമായ വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന ‘ബോർഡ് ഓഫ് പീസ്’ എന്ന സമാധാന സമിതിയിൽ ചേരാൻ ഓസ്‌ട്രേലിയയെയും പ്രധാനമന്ത്രി ആന്തണി ആൽബനീസിനെയും ക്ഷണിച്ചതായി റിപ്പോർട്ടുകൾ.
ട്രംപ് അധ്യക്ഷനാകുന്ന ഈ സംഘടനയുടെ ഡ്രാഫ്റ്റ് ചാർട്ടർ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർനി, തുർക്കി പ്രസിഡന്റ് റെജപ് തയ്‌യിപ് എർദോഗാൻ, അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെയ് എന്നിവരടക്കമുള്ള ലോക നേതാക്കൾക്ക് കൈമാറിയതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. എത്ര രാജ്യങ്ങൾക്ക് ക്ഷണം നൽകിയെന്നത് വ്യക്തമല്ലെങ്കിലും, ഡസനുകണക്കിന് രാജ്യങ്ങൾ പട്ടികയിലുണ്ടെന്നാണ് സൂചന.
ചാർട്ടർ പ്രകാരം, ക്ഷണം സ്വീകരിക്കുന്ന ഓരോ രാജ്യത്തെയും അവരുടെ നേതാവാണ് പ്രതിനിധീകരിക്കുക. അംഗത്വ കാലാവധി പരമാവധി മൂന്ന് വർഷമായിരിക്കും. അതിനുശേഷവും സമിതിയിൽ തുടരാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ 1 ബില്യൺ യുഎസ് ഡോളർ (ഏകദേശം 1.49 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ) സംഭാവനയായി നൽകേണ്ടിവരും.
ഡ്രാഫ്റ്റ് രേഖയിൽ ഗാസയെക്കുറിച്ച് വ്യക്തമായ പരാമർശങ്ങളില്ലെന്നതും ശ്രദ്ധേയമാണ്. അതിനാൽ, ട്രംപ് ഈ സമിതിയുടെ പ്രവർത്തനപരിധി ഗാസയ്ക്കപ്പുറത്തേക്കും വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന സൂചനകളാണ് ഉയരുന്നത്. സമിതിയുടെ തീരുമാനങ്ങൾ അംഗങ്ങളുടെ വോട്ടെടുപ്പിലൂടെയായിരിക്കും, എന്നാൽ അന്തിമ അംഗീകാരം ട്രംപിനായിരിക്കും.
ഇതിനിടെ, ഗാസയുടെ ഭാവി ഭരണവുമായി ബന്ധപ്പെട്ട യുഎസ് നീക്കങ്ങളെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിമർശിച്ചു. ഇസ്രായേലിന്റെ ആലോചനയില്ലാതെയാണ് ചില തീരുമാനങ്ങൾ എടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. തുർക്കിയുടെയും ഖത്തറിന്റെയും പ്രതിനിധികളെ സമിതിയിൽ ഉൾപ്പെടുത്തിയതാണ് ഇസ്രായേലിന്റെ പ്രധാന എതിർപ്പ്.
അതേസമയം, ഗാസ ഭരണം ഏറ്റെടുക്കാൻ രൂപീകരിച്ച പാലസ്തീൻ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി കെയ്റോയിൽ ആദ്യയോഗം ചേർന്നു. വെടിനിർത്തൽ കരാർ ലംഘിച്ചതായി ഇസ്രായേലും ഹമാസും പരസ്പരം ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിൽ, സമാധാന ശ്രമങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.