Blood Moon 2026 ABC News: Kenith Png
Australia

ഓസ്‌ട്രേലിയൻ ആകാശത്ത് വിസ്മയമായി'ബ്ലഡ് മൂൺ'; അടുത്ത പൂർണ്ണ ചന്ദ്രഗ്രഹണം 2029-ൽ

പെർത്തിലും തെക്കൻ വെസ്റ്റേൺ ഓസ്‌ട്രേലിയയിലുമാണ് ഈ കാഴ്ച ഏറ്റവും വ്യക്തമായി കാണാൻ സാധിച്ചത്.

Elizabath Joseph

ഓസ്‌ട്രേലിയയിലുടനീളം ചൊവ്വാഴ്ച രാത്രി ദൃശ്യമായ പൂർണ്ണ ചന്ദ്രഗ്രഹണം വാനനിരീക്ഷകർക്ക് അപൂർവ്വ വിരുന്നായി. ചന്ദ്രൻ ഭൂമിയുടെ നിഴലിൽ പൂർണ്ണമായും മറയുന്ന സമയത്ത് ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ ദൃശ്യമാകുന്ന പ്രതിഭാസമാണ് 'ബ്ലഡ് മൂൺ' അഥവാ രക്തചന്ദ്രൻ. പെർത്തിലും തെക്കൻ വെസ്റ്റേൺ ഓസ്‌ട്രേലിയയിലുമാണ് ഈ കാഴ്ച ഏറ്റവും വ്യക്തമായി കാണാൻ സാധിച്ചത്. പ്രാദേശിക സമയം രാത്രി 7 മണി മുതൽ ഒരു മണിക്കൂറോളം ഇവിടെ ചന്ദ്രൻ ചുവപ്പ് നിറത്തിൽ ജ്വലിച്ചുനിന്നു.

ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചിതറി ചുവപ്പ് പ്രകാശം മാത്രം ചന്ദ്രനിൽ പതിക്കുന്ന 'റാലി സ്കാറ്ററിംഗ്' (Rayleigh scattering) എന്ന പ്രതിഭാസമാണ് ചന്ദ്രന് ഈ നിറം നൽകുന്നത്. സിഡ്‌നി, മെൽബൺ തുടങ്ങിയ കിഴക്കൻ നഗരങ്ങളിൽ രാത്രി 10 മണിയോടെയാണ് ഗ്രഹണം പൂർണ്ണാവസ്ഥയിലെത്തിയത്. പ്രത്യേക ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് ഈ അത്ഭുതക്കാഴ്ച കാണാൻ സാധിക്കുമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത.

ഇനി ഒരു പൂർണ്ണ ചന്ദ്രഗ്രഹണം കാണാൻ ഏതാണ്ട് മൂന്ന് വർഷത്തോളം കാത്തിരിക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. 2028 ഡിസംബർ 31-നോ 2029 ജനുവരി ഒന്നിനോ ആയിരിക്കും അടുത്ത രക്തചന്ദ്രൻ ദൃശ്യമാകുക. വരും വർഷങ്ങളിൽ ചന്ദ്രഗ്രഹണങ്ങളേക്കാൾ കൂടുതൽ സൂര്യഗ്രഹണങ്ങൾക്കാണ് സാധ്യതയെന്നും 2028 ജൂലൈ 22-ന് ഓസ്‌ട്രേലിയയിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുമെന്നും ജ്യോതിശാസ്ത്രജ്ഞനായ ഗ്രഹാം ജോൺസ് വ്യക്തമാക്കി.

SCROLL FOR NEXT