ഓസ്ട്രേലിയയിൽ ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കുത്തനെ ഉയർന്നു. സെപ്റ്റംബർ പാദത്തിൽ 13,000ത്തിലധികം ഉപഭോക്താക്കളാണ് ടെലികമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രി ഓംബുഡ്സ്മാനിൽ (TIO) ഔദ്യോഗികമായി പരാതി നൽകിയത്. ജൂലൈ 8ന് ടെൽസ്ട്രയുടെ നെറ്റ്വർക്ക് 12 മണിക്കൂറോളം തകരാറിലായതാണ് പരാതികളിലെ വർധനയ്ക്ക് പ്രധാന കാരണം. നെറ്റ്വർക്ക് തടസ്സങ്ങളുമായി ബന്ധപ്പെട്ട പരാതികൾ 72 ശതമാനമാണ് ഉയർന്നത്. ഗാർഹിക പീഡനത്തെ അതിജീവിച്ചവർ, ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവരും സേവനതടസ്സം മൂലം പ്രയാസത്തിലായി. ഗുരുതരാവസ്ഥയിലുള്ള അമ്മയുടെ ആരോഗ്യവിവരങ്ങൾ അറിയാൻ കഴിയാതെ വിഷമിച്ച ഒരു സ്ത്രീയും പരാതിക്കാരിൽ ഉൾപ്പെടുന്നു.
ഈ പാദത്തിൽ ടെലികോം കമ്പനികൾ 2,267 പരാതിക്കാർക്ക് ആകെ 19 ലക്ഷം ഡോളർ നഷ്ടപരിഹാരമായി നൽകി. നേരിട്ടുള്ള നഷ്ടപരിഹാരം, ബിൽ ഇളവുകൾ, റീഫണ്ടുകൾ, അക്കൗണ്ട് ക്രെഡിറ്റുകൾ എന്നിവയിലൂടെയാണ് തുക നൽകിയത്. നെറ്റ്വർക്ക് തകരാറുകൾ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവേറിയ പ്രശ്നമായി മാറുകയാണെന്ന് ഓസ്ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് കൺസ്യൂമർ ആക്ഷൻ നെറ്റ്വർക്ക് (ACCAN) ചീഫ് എക്സിക്യൂട്ടീവ് കരോൾ ബെന്നറ്റ് പറഞ്ഞു. ഓംബുഡ്സ്മാന് ലഭിക്കുന്ന പരാതികൾ ഉപഭോക്താക്കൾ നേരിടുന്ന യഥാർഥ ബുദ്ധിമുട്ടുകളുടെ ചെറിയൊരു ഭാഗം മാത്രമാണെന്നും അവർ വ്യക്തമാക്കി. ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ ഒപ്റ്റസിന് 110 തവണയും ടെൽസ്ട്രയ്ക്ക് 334 തവണയും നെറ്റ്വർക്ക് തകരാറുകൾ ഉണ്ടായതായി ബെന്നറ്റ് ചൂണ്ടിക്കാട്ടി. ഇത്തരം തടസ്സങ്ങൾ വെറും അസൗകര്യമല്ലെന്നും ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയും രാജ്യത്തിന്റെ ഉൽപ്പാദനക്ഷമതയ്ക്ക് തിരിച്ചടിയുമാണെന്നും അവർ പറഞ്ഞു.
നെറ്റ്വർക്ക് തകരാർ സമ്പദ്വ്യവസ്ഥയ്ക്ക് 552 മില്യൺ ഡോളറിന്റെ നഷ്ടം
ജൂലൈ 8ലെ ടെൽസ്ട്ര നെറ്റ്വർക്ക് തകരാർ ഓസ്ട്രേലിയൻ സമ്പദ്വ്യവസ്ഥയ്ക്ക് 552 മില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ടിഐ കൺസൾട്ടിങ്ങിന്റെ കണക്ക്. 2023ലെ ഒപ്റ്റസ് നെറ്റ്വർക്ക് തകരാർ മൂലമുള്ള നഷ്ടം ഏകദേശം രണ്ട് ബില്യൺ ഡോളറായിരുന്നു. ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുമ്പോൾ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ടെലികോം കമ്പനികൾ വേഗത്തിലും നീതിപൂർവമായും ഇടപെടണമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രി ഓംബുഡ്സ്മാൻ സിന്തിയ ഗെബർട്ട് പറഞ്ഞു. സേവനദാതാവിന്റെ പ്രതികരണത്തിൽ തൃപ്തിയില്ലെങ്കിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താക്കൾക്ക് ഓംബുഡ്സ്മാനെ സമീപിക്കാമെന്നും അവർ വ്യക്തമാക്കി. സേവനതടസ്സം ഒരാളുടെ വരുമാനം, ആരോഗ്യപരിപാലനം, സഹായം ലഭ്യമാക്കൽ, അടിയന്തര സേവനങ്ങളുമായുള്ള ബന്ധപ്പെടൽ എന്നിവയെ ബാധിക്കാമെന്നും ചെറുകിട ബിസിനസുകൾക്ക് ഉപഭോക്താക്കളെയും വരുമാനവും നഷ്ടപ്പെടാൻ ഇടയാക്കാമെന്നും അവർ പറഞ്ഞു.
ബിൽ തർക്കങ്ങളാണ് ഏറ്റവും കൂടുതൽ പരാതികൾക്ക് കാരണം
മുൻ പാദത്തെ അപേക്ഷിച്ച് ടെലികോം കമ്പനികൾക്കെതിരായ ആകെ പരാതികൾ 8.4 ശതമാനം വർധിച്ചു. ഏറ്റവും കൂടുതൽ പരാതികൾ ബില്ലുകളിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. 4,151 പരാതികളാണ് ഇക്കാര്യത്തിൽ ലഭിച്ചത്. മുൻ പാദത്തെ അപേക്ഷിച്ച് ഇത് 7.3 ശതമാനം കുറഞ്ഞു. മോശം സേവനാനുഭവം അല്ലെങ്കിൽ അസൗകര്യം മൂലമുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2,032 പരാതികൾ ലഭിച്ചു. മുൻ പാദത്തെ അപേക്ഷിച്ച് 58 ശതമാനമാണ് വർധന. സേവനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് 1,311 പരാതികളും ലഭിച്ചു; ഇത് ഒമ്പത് ശതമാനം കുറഞ്ഞു.
മോശം സേവനാനുഭവത്തിനോ അസൗകര്യത്തിനോ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള പരാതികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരട്ടിയായിട്ടുണ്ട്. ജൂലൈ 8ലെ തകരാറിനെ തുടർന്ന് ടെൽസ്ട്രയ്ക്ക് നേരിട്ട് പരാതി നൽകിയ ഉപഭോക്താക്കളിലും ചെറുകിട ബിസിനസുകളിലുമായി 99 ശതമാനം പരാതികളും പരിഹരിച്ച് അവസാനിപ്പിച്ചതായി കമ്പനി വക്താവ് പറഞ്ഞു. പരാതികൾ നൽകിയവർക്കായി ഏകദേശം 10 ലക്ഷം ഡോളറിന്റെ ബിൽ ക്രെഡിറ്റുകൾ അനുവദിച്ചതായും കമ്പനി അറിയിച്ചു.
നഷ്ടപരിഹാരം സ്വമേധയാ നൽകണമെന്ന് ഉപഭോക്തൃ സംഘടനകൾ
നെറ്റ്വർക്ക് തകരാറുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താക്കൾ കമ്പനികളെ സമീപിച്ച് നഷ്ടം തെളിയിക്കേണ്ട സാഹചര്യം മാറണമെന്ന് ACCAN ആവശ്യപ്പെട്ടു. വൈദ്യുതി സേവനങ്ങളിലെ തടസ്സങ്ങൾക്ക് നൽകുന്നതുപോലെ ടെലികോം സേവനങ്ങളിലെ തടസ്സങ്ങൾക്കും സ്വമേധയാ നഷ്ടപരിഹാരം നൽകുന്ന സംവിധാനം വേണമെന്നാണ് ഉപഭോക്തൃ സംഘടനകളുടെ ആവശ്യം. നെറ്റ്വർക്ക് വിശ്വാസ്യത ഉറപ്പാക്കാൻ കമ്പനികൾ ആവശ്യമായ നിക്ഷേപം നടത്തുന്നുവെന്ന് ഉറപ്പാക്കുന്ന കർശനമായ മാനദണ്ഡങ്ങളും നടപ്പാക്കണമെന്ന് ACCAN ആവശ്യപ്പെട്ടു. ഒരു കമ്പനിയുടെ നെറ്റ്വർക്ക് തകരാറിലായാൽ ഉപഭോക്താക്കൾക്ക് മറ്റൊരു സേവനദാതാവിന്റെ നെറ്റ്വർക്ക് ഉപയോഗിക്കാൻ കഴിയുന്ന 'ഡൊമസ്റ്റിക് മൊബൈൽ റോമിങ്' സംവിധാനവും വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. സെപ്റ്റംബറിൽ സമർപ്പിച്ച സെനറ്റ് അന്വേഷണ റിപ്പോർട്ടിലും വോയ്സ് കോളുകൾക്കും ടെക്സ്റ്റ് സന്ദേശങ്ങൾക്കും ആഭ്യന്തര മൊബൈൽ റോമിങ് നിർബന്ധമാക്കാൻ ഫെഡറൽ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. സേവനങ്ങളുടെ വിശ്വാസ്യതയും പ്രവർത്തനക്ഷമതയും സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാത്ത ടെലികോം കമ്പനികൾക്ക് വലിയ പിഴ ചുമത്തണമെന്നും നെറ്റ്വർക്ക് തടസ്സങ്ങൾ നേരിട്ട് അല്ലെങ്കിൽ പരോക്ഷമായി ബാധിക്കുന്നവർക്ക് സമഗ്രമായ സ്വയമേവ നഷ്ടപരിഹാര പദ്ധതി നടപ്പാക്കണമെന്നും റിപ്പോർട്ട് നിർദേശിച്ചു.