AI  Igor Omilaev/ Unsplash
Australia

പരമാധികാര AI ശേഷി വികസിപ്പിക്കണം; ആഗോള ആശ്രിതത്വം ഒഴിവാക്കാൻ ഡാറ്റാ സെന്ററുകൾ വേണമെന്ന് കമ്പനികൾ

രാജ്യത്തിന്റെ നിർണായകമായ ഡാറ്റകളും സംവിധാനങ്ങളും ഓസ്‌ട്രേലിയൻ ഉടമസ്ഥതയിലുള്ള പ്രാദേശിക ഇൻഫ്രാസ്ട്രക്ചറുകൾ വഴി മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Elizabath Joseph

കാൻബറ: നിർമ്മിത ബുദ്ധി മേഖലയിൽ വിദേശ രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ സ്വന്തമായി പരമാധികാര എഐ, ഡാറ്റാ സെന്റർ ശേഷി വികസിപ്പിക്കാൻ ഓസ്‌ട്രേലിയ ഇനിയും വൈകരുതെന്ന് മുൻനിര സാങ്കേതിക കമ്പനികൾ. സാങ്കേതികവിദ്യയുടെ വ്യാപനവും വികസനവും വിലയിരുത്തുന്നതിനായി പാർലമെന്ററി സമിതി നടത്തുന്ന അന്വേഷണത്തിന്റെ രണ്ടാം ദിവസമാണ് വ്യവസായ പ്രമുഖർ ഈ മുന്നറിയിപ്പ് നൽകിയത്. രാജ്യത്തിന്റെ നിർണായകമായ ഡാറ്റകളും സംവിധാനങ്ങളും ഓസ്‌ട്രേലിയൻ ഉടമസ്ഥതയിലുള്ള പ്രാദേശിക ഇൻഫ്രാസ്ട്രക്ചറുകൾ വഴി മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ റീസെറ്റ് ഡാറ്റ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഒരു പ്രതിസന്ധി ഘട്ടത്തിൽ പെട്ടെന്ന് ഇത്തരം ശേഷികൾ നിർമ്മിച്ചെടുക്കാനാവില്ലെന്നും കമ്പനി ഓർമ്മിപ്പിച്ചു.

രാജ്യത്തിനകത്ത് ഡാറ്റാ സെന്റർ സ്ഥിതി ചെയ്യുന്നു എന്നത് കൊണ്ടുമാത്രം പരമാധികാര നിയന്ത്രണം ഉറപ്പാകില്ലെന്നും മോഡലിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവുമാണ് നിർണായകമെന്നും മാക്വാരി ടെക്നോളജി (Macquarie Technology) വ്യക്തമാക്കി. ജനവാസ മേഖലകളിലും സ്കൂളുകൾക്ക് സമീപവും വൻതോതിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനെതിരെ പ്രാദേശിക സമൂഹങ്ങളിൽ നിന്ന് കടുത്ത എതിർപ്പുയരുന്ന സാഹചര്യത്തിലാണ് കമ്പനികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നത്. വിക്ടോറിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ റെസിഡൻഷ്യൽ ഏരിയകളിൽ ഡാറ്റാ സെന്റർ വെയർഹൗസുകൾ നിർമ്മിക്കുന്നത് വിലക്കിയിട്ടുണ്ട്. ന്യൂ സൗത്ത് വെയിൽസിലെ ലെയ്ൻ കോവിൽ സ്കൂളിന് 150 മീറ്റർ മാത്രം അകലെ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതി നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അതേസമയം, ശേഷി വർധിപ്പിക്കുന്നതിലെ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പ്രമുഖ ഓസ്‌ട്രേലിയൻ എഐ സ്ഥാപനമായ ഫേർമസും പങ്കാളിയായ സിഡിസിയും തമ്മിലുള്ള സംയുക്ത നീക്കം വഴിപിരിഞ്ഞു. ഒക്ടോബർ അവസാനത്തോടെ 4,400 കോടി ഡോളർ വിപണി മൂല്യത്തോടെ എഎസ്എക്സിൽ (ASX) ലിസ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഫേർമസ്.

SCROLL FOR NEXT