Tasmania

വീട് പണിയും മുൻപേ വെള്ളക്കരം; പുതിയ ഭൂമി വിഭജനങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ ടാസ്‌വാട്ടർ; പ്രതിഷേധം

ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന ഈ ഉത്തരവ് പ്രകാരം, പ്ലോട്ടിന്റെ ടൈറ്റിൽ ലഭിക്കുന്ന ദിവസം മുതൽ പ്രതിവർഷം ശരാശരി 900 ഡോളർ ഉടമകൾ അധികമായി നൽകേണ്ടിവരും.

Elizabath Joseph

ഹോബാർട്ട്: പുതുതായി വിഭജിക്കുന്ന ഭൂമികളിൽ വീട് നിർമ്മിക്കുന്നതിന് മുൻപ് തന്നെ നിശ്ചിത കുടിവെള്ള-മലിനജല ഫീസ് ഈടാക്കാനുള്ള ജലവിതരണ അതോറിറ്റിയായ ടാസ്‌വാട്ടറിന്റെ തീരുമാനത്തിനെതിരെ റിയൽ എസ്റ്റേറ്റ് രംഗത്തും സർക്കാരിലും കടുത്ത പ്രതിഷേധം. ഒക്ടോബർ 1 മുതൽ നിലവിൽ വരുന്ന ഈ ഉത്തരവ് പ്രകാരം, പ്ലോട്ടിന്റെ ടൈറ്റിൽ ലഭിക്കുന്ന ദിവസം മുതൽ പ്രതിവർഷം ശരാശരി 900 ഡോളർ ഉടമകൾ അധികമായി നൽകേണ്ടിവരും. 2012 മുതൽ നിലവിലുണ്ടായിരുന്ന 24 മാസത്തെ ഇളവാണ് ഇതോടെ അവസാനിക്കുന്നത്.

വീട് നിർമ്മാണച്ചെലവ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതിയ ഫീസ് ഏർപ്പെടുത്തുന്നത് പാർപ്പിട പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കുമെന്ന് ഹൗസിംഗ് ഇൻഡസ്ട്രി അസോസിയേഷനും പ്രോപ്പർട്ടി കൗൺസിലും ചൂണ്ടിക്കാട്ടി. പുതിയ നീക്കം വീട് നിർമ്മാണത്തെ പ്രതികൂലമായി ബാധിക്കുന്ന 'വികസന നികുതി'യാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ടാസ്മാനിയൻ പ്രീമിയർ ജെറമി റോക്ക്‌ലിഫ് ആവശ്യപ്പെട്ടു. എന്നാൽ, അടിസ്ഥാന സൗകര്യ വികസനത്തിനും നവീകരണങ്ങൾക്കുമായി 1.2 ബില്യൺ ഡോളർ നിക്ഷേപിക്കേണ്ടതുണ്ടെന്നും ഈ ബാധ്യത മറ്റ് ഉപഭോക്താക്കളുടെ മേൽ വരാതിരിക്കാനാണ് തീരുമാനമെന്നുമാണ് ടാസ്‌വാട്ടറിന്റെ വിശദീകരണം.

SCROLL FOR NEXT