ഹൊബാർട്ട്: ടാസ്മാനിയയിൽ ഈ ക്രിസ്മസ് ദിനം സാധാരണത്തേക്കാൾ തണുപ്പും മേഘാവൃതവുമായിരിക്കുമെന്ന് ബ്യൂറോ ഓഫ് മെറ്റിയോറോളജി (BOM) അറിയിച്ചു. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഡിസംബർ ശരാശരിയേക്കാൾ 2 മുതൽ 6 ഡിഗ്രി വരെ കുറഞ്ഞ താപനിലയാണ് പ്രതീക്ഷിക്കുന്നത്.
ഡിസംബർ 25ന് ശക്തമായ പടിഞ്ഞാറൻ കാറ്റ് പശ്ചിമ, ദക്ഷിണ ടാസ്മാനിയ മേഖലകളിൽ മഴയ്ക്ക് ഇടയാക്കുമെന്നും ബ്യൂറോ വ്യക്തമാക്കി.
ക്വീൻസ്‌ടൗണിൽ മഴ ശക്തമായേക്കും. ഇവിടെ പരമാവധി താപനില 14 ഡിഗ്രിയിലേക്കു താഴ്ന്നേക്കും. കുറഞ്ഞത് 4 മില്ലീമീറ്റർ മഴ ലഭിക്കാനുള്ള സാധ്യത 50 ശതമാനമാണെന്നും പ്രവചനം.
ഹോബാർട്ടിൽ മേഘാവൃതമായ ആകാശത്തിൻ കീഴിൽ പരമാവധി 17 ഡിഗ്രി താപനില പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വരെ വേഗതയുള്ള പടിഞ്ഞാറൻ കാറ്റും ചെറിയ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കും.
വെയിലേറിയ ക്രിസ്മസ് ആഗ്രഹിക്കുന്നവർക്ക് വടക്കൻ, കിഴക്കൻ മേഖലകൾ അനുയോജ്യമായേക്കും. ലോണ്സെസ്റ്റണും സെന്റ് ഹെലൻസും 20 ഡിഗ്രി വരെ താപനില ഉയരും. ഈ പ്രദേശങ്ങളിൽ മഴയ്ക്കുള്ള സാധ്യത 10 ശതമാനം മാത്രമാണ്.
കിഴക്കൻ തീരദേശമായ സെന്റ് ഹെലൻസിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
വടക്കുപടിഞ്ഞാറൻ തീരം വരണ്ടതായിരിക്കുമെങ്കിലും കാറ്റ് ശക്തമായേക്കും. ബേർണിയിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ കാറ്റ് വീശാനും പരമാവധി 17 ഡിഗ്രി താപനിലയും പ്രതീക്ഷിക്കുന്നു.
വടക്കുകിഴക്കൻ പ്രദേശമായ സ്കോട്ട്സ്ഡെയിലിൽ മേഘാവൃതമായ കാലാവസ്ഥയും ചെറിയ മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കും. ഇവിടെ പരമാവധി താപനില 18 ഡിഗ്രിയാണ്.
തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും ടാസ്മാനിയയിൽ ദൈർഘ്യമേറിയ പകൽ സമയമുണ്ടാകും. സൂര്യോദയം രാവിലെ 5.30ഓടെയും അസ്തമയം രാത്രി 9 മണിയോടെയും ആയിരിക്കും.
കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ക്രിസ്മസിന് മുന്നോടിയായി പ്രവചനങ്ങൾ നിരന്തരം പരിശോധിക്കണമെന്ന് ബ്യൂറോ മുന്നറിയിപ്പ് നൽകി.