ഹോബാർട്ട്: ഓസ്‌ട്രേലിയയിലുടനീളം തരംഗമായി മാറിയ പ്രശസ്ത ഫ്രോസൺ യോഗർട്ട് ശൃംഖലയായ 'യോ-ബാർ' ടാസ്മാനിയയിൽ തങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുന്നു. ഈ വർഷം ക്രിസ്മസിന് മുൻപായി ഹോബാർട്ടിലെ പ്രമുഖ ഷോപ്പിംഗ് സെന്ററുകളിലൊന്നിൽ പുതിയ ഔട്ട്‌ലെറ്റ് തുറക്കുമെന്ന് കമ്പനി ഡയറക്ടർമാരായ ആനി വാവിറ്റിസും വിവിയൻ വാവിറ്റിസും സ്ഥിരീകരിച്ചു. സുപ്രധാനമായ ഏത് ഷോപ്പിംഗ് മാളിലാണ് കേന്ദ്രം വരുന്നതെന്ന് നിലവിൽ കമ്പനി പുറത്തുവിട്ടിട്ടില്ല.
2023-ൽ മെൽബണിൽ ആരംഭിച്ച ഈ കുടുംബ ബിസിനസ്സ് നിലവിൽ അഡ്‌ലെയ്ഡ്, ബ്രിസ്ബേൻ ഉൾപ്പെടെ രാജ്യത്തുടനീളം 12 സ്റ്റോറുകളുമായി വൻ വിജയമായി മാറിയിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടാസ്മാനിയയിലെ ഉയർന്ന പ്രാദേശിക ഡിമാൻഡ് കണക്കിലെടുത്ത് ഹോബാർട്ടിലേക്ക് എത്തുന്നത്. ഉപഭോക്താക്കൾക്ക് സ്വന്തം താല്പര്യപ്രകാരം ഫ്രോസൺ യോഗർട്ട്, അകായ് ബൗളുകൾ , ഫ്രൂട്ട് കപ്പുകൾ എന്നിവ തയ്യാറാക്കാൻ സാധിക്കുന്ന 'സെൽഫ് സെർവ്' മാതൃകയാണ് യോ-ബാറിന്റേത്. ഫ്രഷ് പഴങ്ങൾ, വിവിധ തരം സോസുകൾ, തനതായ ബേക്ക് ചെയ്ത പലഹാരങ്ങൾ എന്നിവയുൾപ്പെടെ അറുപതിലധികം ടോപ്പിംഗുകൾഇവിടെ ലഭ്യമായിരിക്കും.
ഹോബാർട്ടിലെ ഫ്രോസൺ യോഗർട്ട് വിപണിയിൽ വൻ മത്സരത്തിനാണ് വരും ദിവസങ്ങൾ സാക്ഷ്യം വഹിക്കുക. യോ-ബാറിന് പുറമെ, ഓസ്‌ട്രേലിയയിലെ മറ്റൊരു പ്രമുഖ ബ്രാൻഡായ 'യോ-ച്ചി'യും ഹോബാർട്ടിൽ തങ്ങളുടെ ആദ്യ സ്റ്റോർ തുറക്കാനായി ജീവനക്കാരെ തിരയുന്നതായി ഈ മാസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കിംഗ്സ്റ്റൺ ബീച്ചിൽ ആരംഭിച്ച 'ഫ്രോസ്റ്റി ഡോഗ്' ആദ്യ ആഴ്ചയിൽ തന്നെ 10,000-ത്തിലധികം കപ്പുകൾ വിറ്റഴിച്ച് വലിയ വിജയമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് വമ്പൻ ബ്രാൻഡുകൾ ഹോബാർട്ടിലേക്ക് വണ്ടി കയറുന്നത്.