കോളിൻസ് സ്ട്രീറ്റിലെ ബൈക്ക് ലെയിനുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചുവെന്ന് ആരോപണം Pule asmania
Tasmania

ക്രിസ്മസ് തിരക്കിനിടെ ബൈക്ക് ലെയിൻ ഗതാഗതക്കുരുക്ക്: മുന്നറിയിപ്പ് അവഗണിച്ചതായി ട്രാഫിക് വിദഗ്ധൻ

ബൈക്ക് ലെയിൻ മാറ്റങ്ങൾ ജംഗ്ഷൻ ലളിതമാക്കാനും എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷ വർധിപ്പിക്കാനുമാണെന്നും ആണ് ഔദ്യോഗിക വിശദീകരണം

Elizabath Joseph

ഹോബാർട്ട് സിറ്റി കൗൺസിലിന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നിട്ടും കോളിൻസ് സ്ട്രീറ്റിലെ ബൈക്ക് ലെയിനുകൾ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചുവെന്ന് ട്രാഫിക് ഉപദേഷ്ടാവ് പറഞ്ഞു. ക്രിസ്മസ് ഷോപ്പിംഗ് തിരക്കിനെ തുടർന്ന് സെന്റർപോയിന്റ് കാർ പാർക്കിൽ വാഹനങ്ങൾ പൂർണമായി നിലച്ചിരിക്കുകയാണെന്നും ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും മിഡ്സൺ ട്രാഫിക് ഡയറക്ടർ കീത്ത് മിഡ്സൺ വ്യക്തമാക്കി.

വിക്ടോറിയ സ്ട്രീറ്റിലെ എക്സിറ്റ് വ്യവസ്ഥകളിലെ മാറ്റങ്ങളും കോളിൻസ് സ്ട്രീറ്റിലെ ബൈക്ക് ലെയിനുകളും ചേർന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ വർഷം ആദ്യം തന്നെ ബൈക്ക് ലെയിനുകൾ നിലവിലെ രൂപത്തിൽ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ റിപ്പോർട്ട് അദ്ദേഹം തയ്യാറാക്കിയിരുന്നു. ട്രാഫിക് ലെയിനുകളും പാർക്കിംഗും ഒഴിവാക്കിയാൽ തിരക്ക് വർധിക്കുകയും കാർ പാർക്കിൽ പ്രവേശിക്കാനും പുറത്തേക്കിറങ്ങാനും 25 മിനിറ്റ് വരെ വൈകാമെന്നുമായിരുന്നു മുന്നറിയിപ്പ്.

എന്നാൽ കൗൺസിൽ പദ്ധതി നടപ്പാക്കി. ഇതിന്റെ ഫലമായി കാർ പാർക്കിൽ നിന്ന് പുറപ്പെടുന്ന വാഹനങ്ങൾക്ക് വലിയ താമസമുണ്ടാകുകയും ക്യൂ റാംപ് അഞ്ച് വരെ നീളുകയും ചെയ്യുന്നുവെന്ന് മിഡ്സൺ പറഞ്ഞു. കോളിൻസ് സ്ട്രീറ്റ് ജംഗ്ഷനിൽ ട്രാഫിക് നിയന്ത്രണ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, എക്സിറ്റ് ലെയിൻ ഒഴിവാക്കിയതുമൂലമുള്ള ശേഷിക്കുറവ് പരിഹരിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഹോബാർട്ട് നഗരത്തിലെ എല്ലാ ഓഫ്-സ്ട്രീറ്റ് കാർ പാർക്കുകളും ഉത്സവസമയങ്ങളിൽ, പ്രത്യേകിച്ച് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ, പൂർണ ശേഷിയിലാണെന്ന് സിറ്റി ഓഫ് ഹോബാർട്ട് ഡയറക്ടർ കാരൻ അബേ പറഞ്ഞു. ബൈക്ക് ലെയിൻ മാറ്റങ്ങൾ ജംഗ്ഷൻ ലളിതമാക്കാനും എല്ലാ റോഡ് ഉപയോക്താക്കൾക്കും സുരക്ഷ വർധിപ്പിക്കാനുമാണെന്നും അവർ വിശദീകരിച്ചു.

SCROLL FOR NEXT