ടാസ്മാനിയയിലെ ട്രാഫിക് നിരീക്ഷണ ശൃംഖല കഴിഞ്ഞ 2വർഷത്തിനിടെ മൂന്നിരട്ടിയായി വിപുലീകരിച്ചു. Pulse Tasmania
Tasmania

ടാസ്മാനിയയിൽ ട്രാഫിക് ക്യാമറകൾ മൂന്നിരട്ടിയായി; പൊതുജനങ്ങൾക്ക് ഇപ്പോഴും ഉപയോഗം പരിമിതം

കിംഗ്സ്റ്റൺ, ഈസ്റ്റേൺ ഷോർ, വിമാനത്താവള പരിസരം എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Elizabath Joseph

ടാസ്മാനിയയിലെ ട്രാഫിക് നിരീക്ഷണ ശൃംഖല കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂന്നിരട്ടിയായി വിപുലീകരിച്ചു. പുതിയ ബ്രൈഡ്‌വാട്ടർ ബ്രിഡ്ജിലും (New Bridgewater Bridge) പരിസരങ്ങളിലും സ്ഥാപിച്ച 38 ക്യാമറകൾ ഉൾപ്പെടെ മൊത്തം 54 പുതിയ സിസിടിവി ക്യാമറകളാണ് ഈ കാലയളവിൽ സംസ്ഥാനത്തുടനീളം സ്ഥാപിച്ചത്. ഇതോടെ ഗ്രേറ്റർ ഹോബാർട്ടിൽ മാത്രം 134 ലൈവ് ട്രാഫിക് ക്യാമറകളായി. ഇതിനുപുറമെ കിംഗ്സ്റ്റൺ, ഈസ്റ്റേൺ ഷോർ, വിമാനത്താവള പരിസരം എന്നിവിടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ മേഖലയായ ബേണി (Burnie) നഗരത്തിലും ബാസ് ഹൈവേയിലും 19 പുതിയ സ്ഥലങ്ങളിൽ കൂടി ക്യാമറകൾ സ്ഥാപിക്കാനുള്ള വിപുലമായ പദ്ധതിക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.

റോഡുകളിലെ ഗതാഗതക്കുരുക്ക് തത്സമയം മനസ്സിലാക്കി നിയന്ത്രിക്കാനാണ് പ്രധാനമായും ഈ ക്യാമറകൾ ഉപയോഗിക്കുന്നത്. ദൃശ്യങ്ങൾ ടാസ്മാനിയ പോലീസുമായി പങ്കുവെക്കുന്നുണ്ടെങ്കിലും ഇവ റെക്കോർഡ് ചെയ്യുന്നതിനോ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനോ നിലവിൽ ഉപയോഗിക്കുന്നില്ലെന്ന് സ്റ്റേറ്റ് ഗ്രോത്ത് ഡിപ്പാർട്ട്‌മെന്റ് (Department of State Growth) വ്യക്തമാക്കി. ട്രാഫിക് മാനേജ്‌മെന്റ് സെന്ററിനെ റോഡ് സാഹചര്യങ്ങൾ വിലയിരുത്താൻ സഹായിക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇതിനായി ഒപ്റ്റിക് ഫൈബർ കമ്മ്യൂണിക്കേഷൻ ശൃംഖല വിപുലീകരിക്കാനും സർക്കാർ വലിയ തോതിൽ നിക്ഷേപം നടത്തിവരുന്നു.

എന്നാൽ, ഇത്രയധികം പുതിയ ക്യാമറകൾ വന്നിട്ടും പൊതുജനങ്ങൾക്ക് അവയുടെ തത്സമയ ദൃശ്യങ്ങൾ കാണാനുള്ള സൗകര്യം ഇപ്പോഴും പരിമിതമാണ്. 2007 മുതൽ ലഭ്യമായിരുന്ന ഹോബാർട്ട് നഗരത്തിലെ വെറും നാല് ക്യാമറകളിലെ ദൃശ്യങ്ങൾ മാത്രമാണ് ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്. ഓസ്‌ട്രേലിയയിലെ മറ്റ് പ്രധാന സംസ്ഥാനങ്ങളെല്ലാം കൂടുതൽ ക്യാമറ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമ്പോൾ ടാസ്മാനിയ ഇക്കാര്യത്തിൽ പിന്നിലാണെന്ന വിമർശനം ഉയരുന്നുണ്ട്. സെർവർ സിസ്റ്റം നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും വൈകാതെ തന്നെ കൂടുതൽ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയുമെന്നും സർക്കാർ വക്താവ് അറിയിച്ചു.

SCROLL FOR NEXT