(Coal River Farm) (Coal River Farm)
Tasmania

ടാസ്മാനിയയിലെ ചീസ്-ചോക്ലേറ്റ് നിർമാതാക്കളായ കോൾ റിവർ ഫാം സ്വമേധയാ അഡ്മിനിസ്ട്രേഷനിലേക്ക്

ബുധനാഴ്ച അപെക്സ് അഡ്വൈസറിയിലെ ആദം ജോൺസ്റ്റണെ കമ്പനിയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.

Safvana Jouhar

ടാസ്മാനിയ ആസ്ഥാനമായുള്ള ചീസ്, ചോക്ലേറ്റ് ഉൽപ്പാദക സ്ഥാപനമായ കോൾ റിവർ ഫാം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്വമേധയാ ഭരണനടപടിക്ക് (Voluntary Administration) വിധേയമായി. ദീർഘകാലമായി തുടരുന്ന വ്യാപാരപ്രതിസന്ധിയാണ് തീരുമാനത്തിന് പിന്നിലെന്ന് കമ്പനി ഡയറക്ടർ ഡാനിയൽ ലീസോങ് വ്യക്തമാക്കി. 2015ൽ ഡാനിയലും മെലാനി ലീസോങ്ങും ചേർന്നാണ് തെക്കൻ ടാസ്മാനിയയിൽ കമ്പനി സ്ഥാപിച്ചത്. ബുധനാഴ്ച അപെക്സ് അഡ്വൈസറിയിലെ ആദം ജോൺസ്റ്റണെ കമ്പനിയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു. കോവിഡ് മഹാമാരിക്ക് പിന്നാലെ നേരിട്ട പ്രതിസന്ധികളിൽ നിന്ന് കരകയറാൻ ഓഹരി ഉടമകളുമായി ചേർന്ന് വിവിധ സാധ്യതകൾ പരിശോധിച്ചെങ്കിലും ബിസിനസിനെ രക്ഷിക്കാനുള്ള പരിഹാരം കണ്ടെത്താനായില്ലെന്ന് ഡാനിയൽ ലീസോങ് പറഞ്ഞു. സ്വമേധയാ ഭരണനടപടിയിലേക്ക് കടക്കേണ്ടിവന്നത് ഏറെ നിരാശാജനകമാണെന്നും ജീവനക്കാർക്കും ഉപഭോക്താക്കൾക്കും വിതരണക്കാർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

തൽക്കാലം പ്രവർത്തനം തുടരും

സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനിടയിലും കമ്പനി ഉടനടി പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് അപെക്സ് അഡ്വൈസറി അറിയിച്ചു. സ്ഥാപനത്തെ ഏറ്റെടുക്കാൻ താൽപര്യമുള്ളവരിൽ നിന്ന് അടിയന്തരമായി താൽപര്യപത്രങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഹോബാർട്ട്, ലൗൺസെസ്റ്റൺ, മെൽബൺ, ഫ്രീമാന്റിൽ എന്നിവിടങ്ങളിൽ കോൾ റിവർ ഫാമിന് സ്റ്റോറുകളുണ്ട്. ഈ വർഷം ജൂണിൽ ഹോബാർട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഫേയും ബാറും ആരംഭിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിയ സ്ഥാപനത്തിന് ഭക്ഷ്യ-ടൂറിസം മേഖലകളിലായി നൂറിലധികം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

2020ൽ രണ്ട് ജീവനക്കാർക്ക് നൽകേണ്ട 24,000 ഡോളറിന്റെ പിരിച്ചുവിടൽ ആനുകൂല്യം ഒഴിവാക്കണമെന്ന കമ്പനിയുടെ അപേക്ഷ ഫെയർ വർക്ക് കമ്മീഷൻ തള്ളിയിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം കുറഞ്ഞതും പണലഭ്യത പരിമിതമായതും ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് കമ്പനി അപേക്ഷ നൽകിയത്. അതേസമയം, ജീവനക്കാർക്കും വിതരണക്കാർക്കും ഉപഭോക്താക്കൾക്കും ഉണ്ടായേക്കാവുന്ന അനിശ്ചിതത്വം മനസ്സിലാക്കുന്നുവെന്നും സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനനുസരിച്ച് തുടർവിവരങ്ങൾ അറിയിക്കുമെന്നും അപെക്സ് അഡ്വൈസറി വക്താവ് ടിം ബുക്കർ പറഞ്ഞു.

SCROLL FOR NEXT