Tasmania

ടാസ്മാനിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; സെന്റ് ഹെലൻസിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Elizabath Joseph

ഹോബാർട്ട്: ടാസ്മാനിയയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് പ്രമുഖ തീരദേശ നഗരമായ സെന്റ് ഹെലൻസിൽ വെള്ളപ്പൊക്കം രൂപപ്പെട്ടു. നഗരത്തിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളുടെയും ഉള്ളിലേക്ക് വെള്ളം കയറിയതിനെത്തുടർന്ന് പല കടകളും താൽക്കാലികമായി അടച്ചുപൂട്ടി. പ്രശസ്തമായ ഹിൽക്രെസ്റ്റ് ടൂറിസ്റ്റ് പാർക്ക് ഉൾപ്പെടെയുള്ളവ ഇതിൽപ്പെടുന്നു. പ്രദേശത്തെ പ്രമുഖ ബേക്കറിയുടെ ഉൾഭാഗത്തേക്ക് ഇഞ്ചുകളോളം വെള്ളം കയറിയതിനെത്തുടർന്ന് മണൽച്ചാക്കുകൾ നിരത്തിയാണ് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കിയത്. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതുമായി ബന്ധപ്പെട്ട് നിരവധി അടിയന്തിര സഹായ അഭ്യർത്ഥനകൾ ലഭിച്ചതായി സ്റ്റേറ്റ് എമർജൻസി സർവീസ് വ്യക്തമാക്കി.

സെന്റ് ഹെലൻസിൽ മാത്രം വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം 61 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സൗത്ത് എസ്ക് നദിയിലെ കനത്ത ജലപ്രവാഹത്തെത്തുടർന്ന് ലൂയിസ് ഹിൽ, ഫിംഗൽ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള വെള്ളപ്പൊപ്പ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ടാസ്മാനിയയിലെ ഗ്രേ (Gray) മേഖലയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് (72.6 മില്ലിമീറ്റർ). ഇതുകൂടാതെ ന്യൂജെന്റ് (58.4 mm), ലോങ്‌ലി (56.2 mm) തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ റിപ്പോർട്ട് ചെയ്തു. തലസ്ഥാന നഗരമായ ഹോബാർട്ടിലെ കുനാനി/മൗണ്ട് വെല്ലിംഗ്ടൺ (മലനിരകളിൽ 53.4 മില്ലിമീറ്റർ മഴ ലഭിച്ചു.

ഓസ്‌ട്രേലിയൻ പ്രധാന ഭൂഭാഗത്തിന്റെ തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദവും) അതിന്റെ ഫലമായി ടാസ്മാനിയക്ക് മുകളിലേക്ക് വ്യാപിച്ച അന്തരീക്ഷച്ചുഴിയുമാണ് ഈ കനത്ത ഉഷ്ണമേഖലാ ഈർപ്പമുള്ള മഴയ്ക്ക് കാരണമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി ഫോർകാസ്റ്റർ കേറ്റ് ഡോയൽ (Kate Doyle) വ്യക്തമാക്കി. കൂടാതെ ബാസ് സ്ട്രെയ്റ്റിൽnരൂപപ്പെട്ട മറ്റൊരു ചെറിയ ന്യൂനമർദ്ദം കൂടി ഇതിനൊപ്പം സജീവമായതാണ് വടക്കുകിഴക്കൻ-കിഴക്കൻ തീരങ്ങളിൽ മഴ ശക്തമാകാൻ കാരണം. വരും ദിവസങ്ങളിൽ ഈ ന്യൂനമർദ്ദം കിഴക്കോട്ട് നീങ്ങുന്നതോടെ മഴയുടെ ആഘാതം കുറയുമെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.

SCROLL FOR NEXT