ABC News: Brendan Esposito
Tasmania

ദയാവധത്തിന് ആവശ്യക്കാർ കൂടുന്നു; തങ്ങളുടെ വി.എ.ഡി നിയമങ്ങളിൽ സമഗ്ര അവലോകനവുമായി ടാസ്മാനിയൻ സർക്കാർ

നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് വർഷം പിന്നിടുന്ന സാഹചര്യത്തിൽ, ഇതിന്റെ പ്രായോഗിക പ്രവർത്തനവും ആവശ്യമായ ഭേദഗതികളും പരിശോധിക്കാൻ മൂന്നംഗ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി.

Elizabath Joseph

ഹോബാർട്ട്: സ്വമേധയാ ഉള്ള ദയാവധത്തിനായുള്ള (Voluntary Assisted Dying - VAD) അപേക്ഷകളിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന്, നിലവിലുള്ള നിയമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനൊരുങ്ങി ടാസ്മാനിയൻ സർക്കാർ. നിയമം പ്രാബല്യത്തിൽ വന്ന് മൂന്ന് വർഷം പിന്നിടുന്ന സാഹചര്യത്തിൽ, ഇതിന്റെ പ്രായോഗിക പ്രവർത്തനവും ആവശ്യമായ ഭേദഗതികളും പരിശോധിക്കാൻ മൂന്നംഗ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തി. മുൻ ഗവർണർ കേറ്റ് വാർണർ, നിയമ വിദഗ്ദ്ധൻ ബെൻ വൈറ്റ്, പാലിയേറ്റീവ് കെയർ സ്പെഷ്യലിസ്റ്റ് മൈക്കൽ ആഷ്ബി എന്നിവരടങ്ങുന്ന സമിതി നവംബർ ഒന്നിനകം സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

വി.എ.ഡി കമ്മീഷന്റെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം അപേക്ഷകരുടെ എണ്ണത്തിൽ 71 ശതമാനവും, ദയാവധം തിരഞ്ഞെടുത്തവരുടെ എണ്ണത്തിൽ 73 ശതമാനവും വർദ്ധനവുണ്ടായിട്ടുണ്ട്. എന്നാൽ, നിലവിലെ സംവിധാനത്തിൽ ഡോക്ടർമാർക്ക് ഉണ്ടാകുന്ന അമിത ഫയൽ ജോലികളും സാമ്പത്തിക ബാധ്യതകളും പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ (AMA) ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമെ, വിദൂര ഗ്രാമങ്ങളിലുള്ള രോഗികൾക്കായി ടെലിഹെൽത്ത് (ഫോൺ/വീഡിയോ) വഴി കൺസൾട്ടേഷൻ അനുവദിക്കാൻ ഫെഡറൽ ക്രിമിനൽ കോഡിൽ മാറ്റം വരുത്തണമെന്ന ആവശ്യവും ശക്തമാണ്. പേപ്പർ വർക്കുകൾ വേഗത്തിലാക്കാൻ അടുത്ത വർഷം ആദ്യത്തോടെ പ്രത്യേക ഓൺലൈൻ പോർട്ടൽ സജ്ജമാക്കുമെന്ന് ടാസ്മാനിയൻ ആരോഗ്യ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT