ഹൊബാർട്ട്: ടാസ്മാനിയയിൽ കഴിഞ്ഞ വര്‍ഷം ജനപ്രീതി നേടിയ പേരുകളുടെ പട്ടിക പുറത്ത്. ടാസ്മാനിയയിൽ ആൺകുട്ടികളുടെ പേരുകളിൽ നോഹ ആദ്യമായി ഒന്നാം സ്ഥാനം നേടി, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പെൺകുട്ടികളുടെ പട്ടികയിൽ ഷാർലറ്റ് വീണ്ടും ഒന്നാം സ്ഥാനം നേടി.
ബർത്ത്‌സ്, ഡെത്സ് ആന്റ് മാരേജ്സ് ടാസ്മാനിയ പുറത്തിറക്കിയ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഏറ്റവും ജനപ്രിയ ശിശു പേരുകളാണ് ഇവ.
‘വിശ്രമം’ അഥവാ ‘ആശ്വാസം’ എന്നർത്ഥമുള്ള ഹീബ്രു പേര് നോഹ 2024ലെ ആറാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തിയപ്പോൾ, ഫ്രഞ്ച് വാക്കായ ചാൾസിൽ നിന്നുള്ള ‘സ്വതന്ത്ര വ്യക്തി’ എന്നർത്ഥമുള്ള ഷാർലറ്റ് 2021 ന് ശേഷം വീണ്ടും പട്ടികയുടെ മുകളിൽ എത്തി.
2020 മുതൽ അഞ്ചു വർഷം തുടർച്ചയായി ഒന്നാമതായിരുന്ന ഒലിവർ ഈ വർഷം മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു. ചാർലി രണ്ടാമതും ആർച്ചി നാലാമതും തുടർന്നു.
പെൺകുട്ടികളുടെ പട്ടികയിൽ ഐല രണ്ടാം സ്ഥാനവും രണ്ട് വർഷം ഒന്നാമതായിരുന്ന ഹേസൽ മൂന്നാം സ്ഥാനവും നേടി.
കഴിഞ്ഞ വർഷം വരെ സ്ഥിരമായി പട്ടികയിൽ ഉണ്ടായിരുന്ന തോമസ്, ഓസ്കർ, വില്യം തുടങ്ങിയ പേരുകൾ ഈ വർഷം ടോപ് 10-ൽ നിന്ന് പുറത്തായി. പെൺകുട്ടികളുടെ പട്ടികയിൽ ഐവി, ഗ്രീസ്, വിലോ എന്നിവയും ഒഴിവായി.
2025-ലെ തസ്മാനിയയിലെ കുട്ടികളുടെ ജനപ്രിയ പേരുകൾ
ആൺകുട്ടികൾ- Noah, Charlie, Oliver, Archie, Hudson, Henry, Leo, Theodore, George, Levi
പെൺകുട്ടികൾ- Charlotte, Isla, Hazel, Eleanor, Elsie, Harper, Matilda, Ruby, Mia, Violet