Tasmanian lower house passes a 5% levy Paddy Pohlod/ Unsplash
Tasmania

ടാസ്മാനിയയിൽ ഷോർട്ട് സ്റ്റേ താമസത്തിന് 5% ലെവി; ആദ്യമായി വീട് വാങ്ങുന്നവർക്ക് സഹായമാകും

Elizabath Joseph

ഹോബാർട്ട്: ടാസ്മാനിയൻ സർക്കാർ കൊണ്ടുവന്ന 'ഷോർട്ട് സ്റ്റേ ലെവി ബിൽ 2026' ടാസ്മാനിയൻ നിയമസഭയുടെ (House of Assembly) കീഴ്സഭ പാസാക്കി. നിലവിൽ എയർബിഎൻബി പോലുള്ള പ്ലാറ്റ്‌ഫോമുകൾ വഴി ഹ്രസ്വകാല താമസസൗകര്യം ഒരുക്കുന്നവർ തങ്ങളുടെ വരുമാനത്തിന്റെ അഞ്ച് ശതമാനം സർക്കാരിലേക്ക് ലെവിയായി നൽകണം. പ്രതിവർഷം 7 മില്യൺ മുതൽ 10 മില്യൺ ഡോളർ വരെയാണ് ഈ നികുതിയിലൂടെ സർക്കാർ പ്രതീക്ഷിക്കുന്നത്.

ഈ ലെവിയിലൂടെ ലഭിക്കുന്ന തുക സംസ്ഥാനത്ത് ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാനാണ് സർക്കാർ ഉപയോഗിക്കുക. ലിബറൽ പാർട്ടി തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച പദ്ധതിയാണിത്.

ഫാം-സ്റ്റേ , അഗ്രിടൂറിസം എന്നിവയെ ലെവിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചു. കാർഷികവൃത്തിക്കൊപ്പം വരുമാനത്തിനായി ഇത്തരം താമസസൗകര്യം ഒരുക്കുന്നവർക്ക് ഇത് ആശ്വാസമാകും.

ഈ തുക ഭവനരഹിതരുടെ ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എം.പിമാർ കൊണ്ടുവന്ന ഭേദഗതി സർക്കാർ വോട്ടിനിട്ട് തള്ളി. നിലവിൽ തന്നെ ഭവനരഹിതർക്കായി ബജറ്റിൽ തുക വകയിരുത്തുന്നുണ്ടെന്നാണ് സർക്കാരിന്റെ വാദം.

ട്രഷറർ എറിക് അബെറ്റ്സ് അവതരിപ്പിച്ച ബില്ലിനെ ഗ്രീൻസും ചില സ്വതന്ത്ര അംഗങ്ങളും പിന്തുണച്ചപ്പോൾ ലേബർ പാർട്ടി ഇതിനെ എതിർത്തു. വിദേശ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന കമ്മീഷനേക്കാൾ വളരെ കുറഞ്ഞ നിരക്കാണിതെന്നും ഇത് വിനോദസഞ്ചാര മേഖലയെ ബാധിക്കില്ലെന്നും സർക്കാർ അവകാശപ്പെടുന്നു.

എന്നാൽ ടൂറിസം ഇൻഡസ്ട്രി കൗൺസിൽ ടാസ്മാനിയ (TICT) ഈ നീക്കത്തെ ശക്തമായി എതിർത്തു. ഭവന പ്രതിസന്ധിക്ക് കാരണം വിനോദസഞ്ചാര മേഖലയല്ലെന്നും പുതിയ നികുതി നിക്ഷേപകരെ പിന്നോട്ട് വലിപ്പിക്കുമെന്നും കൗൺസിൽ സി.ഇ.ഒ ആമി ഹിൽസ് പറഞ്ഞു. ബിൽ ഇനി ഉപരിസഭയുടെ ( പരിഗണനയ്ക്ക് അയക്കും.

SCROLL FOR NEXT