ഹോബാർട്ട്: ടാസ്മാനിയയുടെ തെക്കൻ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾക്ക് സാധ്യതയുള്ള അതിശക്തമായ കാറ്റും കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ഓസ്‌ട്രേലിയൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ടാസ്മാനിയൻ തെക്കൻ തീരങ്ങളിലൂടെ അതിവേഗം നീങ്ങുന്ന ശക്തമായ തണുത്ത കാറ്റിന്റെ ( ഫലമായി വ്യാഴാഴ്ച ഉച്ചയോടെ മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റട വീശാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. സ്ഥിതിഗതികൾ ഗുരുതരമായതിനെ തുടർന്ന് സിവിൽ ഡിഫൻസ് (SES) ജനങ്ങൾക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൊവർ അടക്കമുള്ള പ്രദേശങ്ങളെയാകും കാറ്റ് പ്രധാനമായും ബാധിക്കുക.
ശക്തമായ കാറ്റിന് പുറമെ വെസ്റ്റേൺ, സെൻട്രൽ പ്ലാറ്റൂ (Central Plateau) മേഖലകളിൽ റോഡുകളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ റോഡ് ട്രാവൽ അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 400 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലും, തെക്കുപടിഞ്ഞാറൻ മേഖലകളിൽ 300 മീറ്റർ വരെ താഴ്ന്ന പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. കനത്ത കാറ്റിൽ മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീഴാനും വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടാകാനും സാധ്യതയുണ്ട്. കനത്ത തണുപ്പും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കുന്നതിനാൽ കാടുകളിലും മലയോരങ്ങളിലും യാത്ര ചെയ്യുന്ന ഹൈക്കിംഗ് പ്രേമികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വെള്ളിയാഴ്ച രാവിലെയോടെ കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം.