ഹോബാർട്ട്: ആഗോളതലത്തിൽ ക്യാൻവാസ് ലേണിംഗ് പ്ലാറ്റ്‌ഫോമിന് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് ടാസ്മാനിയയിലെ സർക്കാർ സ്കൂൾ സംവിധാനം പൂർണ്ണമായും സ്തംഭിച്ചു. വെള്ളിയാഴ്ച രാവിലെ മുതലാണ് സ്കൂളുകൾക്കും ജീവനക്കാർക്കും പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം നഷ്ടമായത്. യുഎസ് ആസ്ഥാനമായുള്ള ഇൻസ്ട്രക്ചർ കമ്പനിയിലുണ്ടായ സുരക്ഷാവീഴ്ചയെത്തുടർന്ന് മുൻകരുതൽ നടപടിയായാണ് സേവനങ്ങൾ തടസ്സപ്പെട്ടത്.
2020 മുതലുള്ള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പേരുകൾ, ഇമെയിൽ വിലാസങ്ങൾ, സ്കൂൾ ലൊക്കേഷനുകൾ എന്നിവ ചോർന്നതായാണ് പ്രാഥമിക വിവരം. തസ്താഫെ (TasTAFE) വിദ്യാർത്ഥികളുടെ വിവരങ്ങളും ചോർന്നതായി അധികൃതർ സ്ഥിരീകരിച്ചു.
പാസ്‌വേഡുകളോ ബാങ്ക് വിവരങ്ങളോ ചോർന്നതായി ഇതുവരെ തെളിവില്ല. എങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
'ഷിനി ഹണ്ടേഴ്‌സ്' എന്ന ഹാക്കർ ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിൽ. ലോകമെമ്പാടുമുള്ള ഒൻപതിനായിരത്തോളം സ്കൂളുകളിൽ നിന്നായി 3.65 ടെറാബൈറ്റ് ഡാറ്റ തങ്ങൾ കൈക്കലാക്കിയതായി ഇവർ അവകാശപ്പെട്ടു.
ക്യാൻവാസ് സിസ്റ്റം എന്നാണ് പുനഃസ്ഥാപിക്കാൻ കഴിയുക എന്ന കാര്യത്തിൽ വിദ്യാഭ്യാസ വകുപ്പിന് നിലവിൽ വ്യക്തതയില്ല. ഇൻസ്ട്രക്ചർ കമ്പനിയിൽ നിന്നുള്ള കൂടുതൽ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് അധികൃതർ.