ടാസ്‌മാനിയൻ പാർലമെന്റിൽ വൻ വാക്പോര് Dusty Barnes/ Unsplash
Tasmania

'അതിക്രമിച്ചു കടന്നാൽ വെടിവെക്കും'; തോക്ക് അക്രമ ഭീഷണി ഉയർത്തുന്ന ബോർഡുകൾ, പാർലമെന്റിൽ വൻ വാക്പോര്

സംസ്ഥാനത്തെ തോക്ക് നിയമങ്ങളിൽ (Firearms Laws) ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെയാണ് പുതിയ വിവാദം പുകയുന്നത്.

Elizabath Joseph

ഹോബാർട്ട്: സ്വകാര്യ വസ്തുവകകളിൽ അതിക്രമിച്ചു കയറുന്നവർക്കെതിരെ തോക്ക് അക്രമ ഭീഷണി മുഴക്കുന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിനെ ചൊല്ലി ടാസ്‌മാനിയൻ സംസ്ഥാന പാർലമെന്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോര്. സംസ്ഥാനത്തെ തോക്ക് നിയമങ്ങളിൽ (Firearms Laws) ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെയാണ് പുതിയ വിവാദം പുകയുന്നത്.

കോളിൻസ്വെയ്ൽ മേഖലയിലെ വീടുകൾക്കും സ്ഥലങ്ങൾക്കും മുന്നിലാണ് ഭീഷണി സന്ദേശങ്ങളടങ്ങിയ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. "അതിക്രമിച്ചു കയറുന്നവരെ പ്രോസിക്യൂട്ട് ചെയ്യില്ല, വെടിവെച്ചു വീഴ്ത്തും", "ഞങ്ങൾ 000 (എമർജൻസി നമ്പർ) ലേക്ക് വിളിക്കാറില്ല" തുടങ്ങിയ സന്ദേശങ്ങളാണ് ഈ ബോർഡുകളിലുള്ളത്. ഗ്രീൻസ് എം.പി തബാത്ത ബാഡ്ജർ (Tabatha Badger) ഈ വിഷയം സഭയിൽ ഉന്നയിക്കുകയും, ഇത്തരം ഭീഷണികൾ പൊതുജനങ്ങളിലും പോലീസുകാരിലും ഭീതി പടർത്തുന്നുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

പോലീസ് മന്ത്രി ഫെലിക്സ് എലിസ് ബോർഡുകളെ പൂർണ്ണമായി അപലപിക്കാൻ തയ്യാറാകാതിരുന്നതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സ്വകാര്യ ബോർഡുകൾ വസ്തു ഉടമകളുടെ വിഷയമാണെന്നും, എന്നാൽ സമൂഹത്തിൽ തോക്ക് അക്രമങ്ങൾക്ക് സ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ തോക്ക് കൈവശം വെക്കുന്നതിൽ പരമാവധി പരിധി ഏർപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെയും മന്ത്രി എതിർത്തു.

SCROLL FOR NEXT