ടാസ്മാനിയയിൽ വാടകക്കാർക്ക് വീടുകളിൽ വളർത്തുമൃഗങ്ങളെയും താമസിപ്പിക്കാം cat
Tasmania

ടാസ്മാനിയയിൽ വാടകക്കാർക്ക് ആശ്വാസം; വീടുകളിൽ ഇനി വളർത്തുമൃഗങ്ങളെയും താമസിപ്പിക്കാം

വളർത്തുമൃഗങ്ങളെ കൂടെ താമസിപ്പിക്കാൻ കഴിയാത്തതിനാൽ പലരും അവയെ ഷെൽട്ടറുകളിൽ ഏൽപ്പിക്കുകയോ ബന്ധുക്കളുടെ വീട്ടിലാക്കുകയോ ചെയ്യുന്ന അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.

Elizabath Joseph

ടാസ്മാനിയയിലെ വാടക നിയമങ്ങളിൽ ചരിത്രപരമായ മാറ്റം. പുതിയ നിയമം നിലവിൽ വന്നതോടെ വാടകക്കാർക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളുമായി വീടുകളിൽ താമസിക്കുന്നത് എളുപ്പമാകും. ഇത്രയും കാലം വളർത്തുമൃഗങ്ങൾ ഉള്ളതിന്റെ പേരിൽ മാത്രം പലർക്കും വാടക വീടുകൾ നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ പുതിയ പരിഷ്കരണത്തോടെ, വളർത്തുമൃഗങ്ങളെ വളർത്തുന്നതിന് ഉടമകൾക്ക് അകാരണമായി തടസ്സം നിൽക്കാൻ കഴിയില്ല. ഇത്തരമൊരു നിയമം നടപ്പിലാക്കുന്ന ഓസ്‌ട്രേലിയയിലെ അവസാനത്തെ സംസ്ഥാനമാണ് ടാസ്മാനിയ.

വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നവരുടെ എണ്ണം കുറയ്ക്കാനും ഈ നിയമം സഹായിക്കുമെന്ന് ആർ.എസ്.പി.സി.എ (RSPCA) പ്രതിനിധി ആൻഡ്രിയ ഡൗക്കിൻസ് പറഞ്ഞു. വളർത്തുമൃഗങ്ങളെ കൂടെ താമസിപ്പിക്കാൻ കഴിയാത്തതിനാൽ പലരും അവയെ ഷെൽട്ടറുകളിൽ ഏൽപ്പിക്കുകയോ ബന്ധുക്കളുടെ വീട്ടിലാക്കുകയോ ചെയ്യുന്ന അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. പുതിയ നിയമം ഇത്തരം വൈകാരികമായ ബുദ്ധിമുട്ടുകൾക്ക് വലിയൊരു പരിഹാരമാകും.

അതേസമയം, വസ്തു ഉടമകളുടെ ആശങ്കകൾ പരിഹരിക്കാനുള്ള സുരക്ഷാ മാനദണ്ഡങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാസ്മാനിയ (REIT) വ്യക്തമാക്കി. പ്രോപ്പർട്ടി മാനേജർമാർക്ക് ഇതിനോടകം തന്നെ പുതിയ നിയമങ്ങളെക്കുറിച്ച് പരിശീലനം നൽകിയിട്ടുണ്ട്. വളർത്തുമൃഗങ്ങൾ വീടിന് നാശനഷ്ടങ്ങൾ വരുത്തിയാൽ അത് പരിഹരിക്കാനുള്ള കൃത്യമായ നടപടിക്രമങ്ങൾ നിയമത്തിലുണ്ട്. വാടക അപേക്ഷകളിൽ വളർത്തുമൃഗങ്ങൾ ഉള്ളവരെ തഴയുന്ന രീതി ഒഴിവാക്കാൻ കർശനമായ നിരീക്ഷണം ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

SCROLL FOR NEXT