ഹോബാർട്ട്: ടാസ്മാനിയൻ സംസ്ഥാനത്ത് കാട്ടുമാനുകളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചതിനെത്തുടർന്ന് കൺട്രോൾ പെർമിറ്റുകൾ ഉദാരമാക്കാനും വർഷം മുഴുവൻ മാനുകളെ വേട്ടയാടാൻ അനുവദിക്കാനും സർക്കാർ തീരുമാനിച്ചു. നിലവിൽ സംസ്ഥാനത്തെ മാനുകളുടെ എണ്ണം 71,000 കടന്ന പശ്ചാത്തലത്തിലാണ് ഈ അടിയന്തിര നീക്കം. മാനുകൾ കൃഷിയിടങ്ങൾക്കും പ്രാദേശിക സസ്യജാലങ്ങൾക്കും പൊതു അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ രീതിയിൽ നാശനഷ്ടം വരുത്തുന്നതായി പ്രൈമറി ഇൻഡസ്ട്രീസ് ആൻഡ് വാട്ടർ മന്ത്രി ഗാവിൻ പിയേഴ്സ് വ്യക്തമാക്കി. 2024-ന്റെ അവസാനത്തിൽ നടത്തിയ വ്യോമ സർവേ പ്രകാരം 71,655 മാനുകൾ ഇവിടെയുണ്ടെന്നാണ് കണക്ക്. 2019 മുതൽ പ്രതിവർഷം ശരാശരി 6% എന്ന നിരക്കിലാണ് ഇവയുടെ എണ്ണം വർദ്ധിക്കുന്നത്.
പുതിയ പരിഷ്കാരങ്ങൾ പ്രകാരം ഭൂവുടമകൾക്ക് ആൺ-പെൺ മാനുകളെ വർഷം മുഴുവൻ വേട്ടയാടാൻ ഒരു പെർമിറ്റ് മാത്രം എടുത്താൽ മതിയാകും, ഇതിന് 5 വർഷത്തെ കാലാവധിയുമുണ്ടാകും. സംസ്ഥാനത്തെ മൂന്ന് മാനേജ്‌മെന്റ് സോണുകളായി തിരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. മാനുകൾ പരമ്പരാഗതമായി കാണപ്പെടുന്ന 'സോൺ ഒന്നിൽ' ആൺ മാനുകളെ വേട്ടയാടുന്നതിന് കോട്ടകളും ടാഗിങ്ങും ബാധകമായിരിക്കും. എന്നാൽ മറ്റ് രണ്ട് സോണുകളിലും (Zone 2 & 3) യാതൊരുവിധ പരിധികളുമില്ലാതെ വർഷം മുഴുവൻ എല്ലാത്തരം മാനുകളെയും വേട്ടയാടാൻ അനുമതിയുണ്ട്. കൂടാതെ, വിനോദ വേട്ടക്കാർക്കായി (Recreational hunters) സോൺ ഒന്നിൽ വേട്ടയാടാവുന്ന സ്റ്റാഗുകളുടെ (ആൺ മാൻ) എണ്ണം ഒന്നിൽ നിന്ന് രണ്ടാക്കി ഉയർത്തി.
വേട്ടയാടലിനായി 10 പുതിയ പൊതുഭൂമി ബ്ലോക്കുകൾ കൂടി സർക്കാർ തുറന്നുകൊടുക്കും. ഇതോടെ ആകെ വേട്ടയാടൽ പ്രദേശം 61,608 ഹെക്ടറായി ഉയരും. വാണിജ്യാടിസ്ഥാനത്തിൽ മാനുകളെ വേട്ടയാടുന്നതിനുള്ള നിയന്ത്രണങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ നീക്കം ചെയ്യും. കർഷക സംഘടനയായ 'ടാസ്ഫാർമേഴ്‌സ്' ഈ തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും, മാനുകളുടെ എണ്ണം പൂർണ്ണമായി കുറയ്ക്കാൻ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, വർഷം മുഴുവൻ പെൺമാനുകളെ (Does) വേട്ടയാടുന്നത് വഴി അവയെ ആശ്രയിച്ചു കഴിയുന്ന കുട്ടികൾ ഉപേക്ഷിക്കപ്പെടുമെന്ന ആശങ്ക ഉന്നയിച്ച് ശൂറ്റേഴ്‌സ് ഫിഷറീസ് ആൻഡ് ഫാർമേഴ്‌സ് എം.പി കാർലോ ഡി ഫാൽക്കോ ഈ തീരുമാനത്തെ എതിർത്തു. 1836-ലാണ് വേട്ടയാടൽ വിഭവമായി ഫാലോ മാനുകളെ ആദ്യമായി ടാസ്മാനിയയിൽ എത്തിച്ചത്.