ഹോബാർട്ട്: ടാസ്മാനിയയിൽ മെയ് മാസത്തിലെ താപനിലയിൽ സർവ്വകാല റെക്കോർഡ്. ഹോബാർട്ട് നഗരത്തിൽ 26.9 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്ന് രേഖപ്പെടുത്തിയത്. 139 വർഷം മുൻപ് രേഖപ്പെടുത്തിയ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്. ഹോബാർട്ട് എയർപോർട്ടിൽ താപനില 27.5 ഡിഗ്രി വരെ ഉയർന്നു.
ഹോബാർട്ടിന് പുറമെ ലോൺസെസ്റ്റൺ (24.3 ഡിഗ്രി), കിംഗ് ഐലൻഡ് (26.4 ഡിഗ്രി), സ്ട്രാൻ (25.2 ഡിഗ്രി), സെന്റ് ഹെലൻസ് (25 ഡിഗ്രി), ഡെവൻപോർട്ട് (21.1 ഡിഗ്രി) എന്നിവിടങ്ങളിലും മെയ് മാസത്തിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തി. ടാസ്മാൻ കടലിന് മുകളിലായുള്ള ശക്തമായ ഉച്ചമർദ്ദ മേഖല (High-pressure system) മൂലമാണ് ഓസ്‌ട്രേലിയൻ വൻകരയിൽ നിന്നുള്ള ചൂട് വായു ടാസ്മാനിയയിലേക്ക് എത്തിയതെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ മുതിർന്ന കാലാവസ്ഥാ നിരീക്ഷകൻ മാത്യു തോമസ് പറഞ്ഞു.
സൗത്ത് ഓസ്‌ട്രേലിയയിലും വിക്ടോറിയയുടെ ചില ഭാഗങ്ങളിലും സമാനമായ രീതിയിൽ താപനില ഉയർന്നിട്ടുണ്ട്. നാളെയും അന്തരീക്ഷത്തിൽ ചൂട് തുടരുമെങ്കിലും മേഘാവൃതമായ കാലാവസ്ഥ ആയതിനാൽ ഇന്നത്തെ അത്രയും ഉയർന്ന താപനില ഉണ്ടാകാൻ സാധ്യതയില്ല. ഞായറാഴ്ചയോടെ എത്തുന്ന ശീതക്കാറ്റ് (Cold front) സംസ്ഥാനത്തിന്റെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.