ടാസ്മാനിയയിൽ പാർട്ടി മയക്കുമരുന്നുകൾ പ്രചരിക്കുന്നു, മുന്നറിയിപ്പ് Myriam Zilles/ Unsplash
Tasmania

വേനൽക്കാലത്ത് ടാസ്മാനിയയിൽ അപകടകരമായ പാർട്ടി മയക്കുമരുന്നുകൾ പ്രചരിക്കുന്നു, മുന്നറിയിപ്പ്

സിന്തറ്റിക് ഒപിയോയിഡുകൾ വളരെ ചെറിയ അളവിൽ പോലും ഉപയോഗിച്ചാൽ ഓവർഡോസിനും മരണത്തിനും കാരണമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Elizabath Joseph

ഈ വേനൽക്കാലത്ത് ഫെസ്റ്റിവലുകളിലും മറ്റ് പരിപാടികളിലും അപകടകരമായ മയക്കുമരുന്നുകൾ പ്രചരിക്കുന്നതായി ടാസ്മാനിയ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. അത്യന്തം ശക്തിയേറിയ എംഡിഎംഎ ഗുളികകൾ, തിരിച്ചറിയാനാകാത്ത രാസവസ്തുക്കൾ ചേർത്ത വ്യാജ പാർട്ടി ഡ്രഗുകൾ, കൂടാതെ ‘നൈറ്റസീൻസ്’ എന്നറിയപ്പെടുന്ന ശക്തമായ സിന്തറ്റിക് ഒപിയോയിഡുകൾ എന്നിവയാണ് ഉയർന്ന അപകടസാധ്യതയുള്ളവയായി കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇപ്പോൾ പ്രചരിക്കുന്ന എംഡിഎംഎ ഗുളികകൾ അസാധാരണമായി ശക്തമാണെന്നും, അമിത ചൂട് (overheating) ഉണ്ടാകാനും ഓവർഡോസ് സംഭവിക്കാനും വലിയ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

നൈറ്റസീൻസ് സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ ആശങ്ക. പൊടി, ഗുളിക, കൊക്കെയ്ൻ എന്നിവയിൽ കണ്ടെത്തുന്ന ഈ സിന്തറ്റിക് ഒപിയോയിഡുകൾ വളരെ ചെറിയ അളവിൽ പോലും ഉപയോഗിച്ചാൽ ഓവർഡോസിനും മരണത്തിനും കാരണമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പലപ്പോഴും ഒരു മയക്കുമരുന്നിൽ ഒന്നിലധികം ഘടകങ്ങൾ ഉണ്ടാകുന്നുണ്ടെന്നും, വ്യാജ സാനാക്സ് (Xanax) ഗുളികകളിൽ ഒപിയോയിഡുകൾ ചേർത്തിരിക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും ഇത് ഓവർഡോസ് അപകടം വർധിപ്പിക്കുന്നതാണെന്നും വകുപ്പ് വ്യക്തമാക്കി.

വേനൽക്കാല ഫെസ്റ്റിവൽ സീസൺ പുരോഗമിക്കുമ്പോൾ, എന്താണ് ഉപയോഗിക്കുന്നതെന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ടാസ്മാനിയക്കാരോട് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു. “ഒരു ഗുളികയിലോ പൊടിയിലോ ഒന്നിലധികം രാസവസ്തുക്കൾ ഉണ്ടായേക്കാം. മയക്കുമരുന്നുകളും മദ്യവും ചൂടും ഒരുമിച്ച് ചേർന്നാൽ അപകടസാധ്യത വളരെ കൂടും,” മുന്നറിയിപ്പിൽ പറയുന്നു.

മയക്കുമരുന്നുകൾ ഉപയോഗിക്കാൻ തീരുമാനിക്കുന്നവർക്ക് ഹാം-റഡക്ഷൻ മാർഗങ്ങൾ പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. ചെറിയ അളവിൽ ആരംഭിക്കുക, ശരീരത്തിൽ ജലാംശം നിലനിർത്തുക, വിവിധ ലഹരിവസ്തുക്കൾ ഒരുമിച്ച് ഉപയോഗിക്കാതിരിക്കുക, ഒറ്റയ്ക്ക് ഉപയോഗിക്കാതിരിക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

അതിശക്തമായ ചൂട്, അസ്വസ്ഥത, ബോധം നഷ്ടപ്പെടൽ എന്നിവ പോലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും, അടിയന്തരാവസ്ഥകളിൽ സഹായം തേടുന്നതിന് നിയമപരമായ ശിക്ഷകളില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇത്തരത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിൽ ഉടൻ ട്രിപ്പിൾ സീറോ (000) വിളിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

ഓസ്ട്രേലിയയിലുടനീളം പ്രചരിക്കുന്ന അപകടകരമായ മയക്കുമരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ The KNOW വെബ്‌സൈറ്റിലൂടെ (www.theknow.org.au) ലഭ്യമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT