ഹോബാർട്ട്: ടാസ്മാനിയയിലെ പ്രശസ്തമായ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ തകർച്ചയെത്തുടർന്ന് ജനപ്രിയ പബ്ബുകളും ക്ലബ്ബുകളും കൂട്ടത്തോടെ പൂട്ടിയ പശ്ചാത്തലത്തിൽ, ലൈവ് മ്യൂസിക് അവതരിപ്പിക്കുന്ന വേദികൾക്ക് വൻ സാമ്പത്തിക ഇളവ് പ്രഖ്യാപിച്ച് സർക്കാർ. പബ്ബുകളും നൈറ്റ് ക്ലബ്ബുകളും ലൈവ് മ്യൂസിക് പ്രോഗ്രാമുകൾക്കായി ചെലവഴിക്കുന്ന തുകയുടെ പകുതി (50 ശതമാനം) തിരികെ നൽകുന്ന 'ടാസ്മാനിയൻ ലൈവ് മ്യൂസിക് എക്സൈസ് റിബേറ്റ് പൈലറ്റ്' (Tasmanian Live Music Excise Rebate Pilot) പദ്ധതിയാണ് സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. ആക്ടിംഗ് പ്രീമിയർ ബ്രിഡ്ജറ്റ് ആർച്ചർ ഈ പദ്ധതിക്ക് അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ ഗവൺമെന്റിന് കത്തയക്കുമെന്ന് വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ച മേഖലയിലെ പ്രമുഖ ശൃംഖലയായ 'പബ് ബാങ്ക് ഗ്രൂപ്പ്' തകർച്ചയിലായതിനെത്തുടർന്ന് വോളന്ററി അഡ്മിനിസ്ട്രേഷനിലേക്ക് മാറിയതാണ് ഈ അടിയന്തര നീക്കത്തിന് കാരണം. ഇതോടെ നോർത്ത് ഹോബാർട്ടിലെ പ്രശസ്തമായ റിപ്പബ്ലിക് ബാർ (Republic Bar), കാർഗോ ബാർ, ജാക്ക് ഗ്രീൻ, ഒബ്സർവേറ്ററി ബാർ ഉൾപ്പെടെയുള്ള 7 പ്രധാന വിനോദ കേന്ദ്രങ്ങൾ ഒറ്റരാത്രികൊണ്ട് പൂട്ടുകയും എൺപതിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ആഹാരസാധനങ്ങളുടെ വിലക്കയറ്റം, ഉയർന്ന ഇൻഷുറൻസ്-വൈദ്യുതി നിരക്കുകൾ, ഉപഭോക്താക്കളുടെ പണം ചെലവഴിക്കൽ രീതിയിലുണ്ടായ മാറ്റം എന്നിവയാണ് തകർച്ചയ്ക്ക് കാരണമെന്ന് ഗ്രൂപ്പ് ഡയറക്ടർ ഇയാൻ വോൺ വ്യക്തമാക്കി. നിലവിൽ അടച്ചുപൂട്ടിയ ഈ പബ്ബുകൾ വാങ്ങാൻ പുതിയ നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അഡ്മിനിസ്ട്രേറ്റർമാർ.
നഗരത്തിന്റെ തനത് സംസ്കാരത്തിന്റെയും സംഗീത കൂട്ടായ്മകളുടെയും കേന്ദ്രമായിരുന്ന റിപ്പബ്ലിക് ബാർ പോലുള്ള വേദികൾ നഷ്ടപ്പെടുന്നത് ടാസ്മാനിയക്ക് വലിയ സാംസ്കാരിക തിരിച്ചടിയാണെന്ന് പ്രാദേശിക കലാകാരന്മാർ മുന്നറിയിപ്പ് നൽകുന്നു. ഈ പ്രതിസന്ധി മറികടക്കാൻ കൂടുതൽ തുക ലൈവ് മ്യൂസിക്കിനായി നിക്ഷേപിക്കുന്ന പബ്ബുകൾക്ക് കൂടുതൽ സബ്സിഡി നൽകാനാണ് പുതിയ സർക്കാർ പദ്ധതി ലക്ഷ്യമിടുന്നത്. ഈ ആനുകൂല്യം വഴി കൂടുതൽ വിനോദസഞ്ചാരികളെയും ഉപഭോക്താക്കളെയും നഗരങ്ങളിലേക്കും പ്രാദേശിക പബ്ബുകളിലേക്കും ആകർഷിക്കാൻ സാധിക്കുമെന്നും ഇത് തകർച്ചയിലായ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് പുതിയ ജീവൻ പകരുമെന്നും ആക്ടിംഗ് പ്രീമിയർ ബ്രിഡ്ജറ്റ് ആർച്ചർ പ്രത്യാശ പ്രകടിപ്പിച്ചു.