pulse tasmania
Tasmania

ഗാർഹിക പീഡകർക്ക് ഇനി കനത്ത പിഴ; പുതിയ നിയമപരിഷ്കാരങ്ങളുമായി ടാസ്മാനിയൻ സർക്കാർ

ഗൗരവമേറിയ ഗാർഹിക പീഡനക്കുറ്റങ്ങൾ ചെയ്യുന്നവർ കോടതി ചെലവുകൾക്കും പിഴയ്ക്കും പുറമെ 500 ഡോളർ പ്രത്യേക ലെവി ആയി നൽകണം.

Elizabath Joseph

ഹോബാർട്ട്: ഗാർഹിക പീഡനക്കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരിൽ നിന്ന് പ്രത്യേക ലെവി (Levy) ഈടാക്കുന്നത് ഉൾപ്പെടെയുള്ള വിപ്ലവകരമായ നിയമപരിഷ്കാരങ്ങൾ ടാസ്മാനിയൻ സർക്കാർ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിൽ തന്നെ ഇത്തരമൊരു നടപടി ആദ്യമായാണ്. ഗൗരവമേറിയ ഗാർഹിക പീഡനക്കുറ്റങ്ങൾ ചെയ്യുന്നവർ കോടതി ചെലവുകൾക്കും പിഴയ്ക്കും പുറമെ 500 ഡോളർ പ്രത്യേക ലെവി ആയി നൽകണം. ഈ തുക ഗാർഹിക പീഡനത്തിന് ഇരയായവരെ സഹായിക്കുന്നതിനായുള്ള പ്രത്യേക ഫണ്ടിലേക്ക് മാറ്റും. പീഡനത്തിന് ഇരയാകുന്നവർ അനുഭവിക്കുന്ന സാമ്പത്തിക ബാധ്യതകൾക്ക് പീഡകർ തന്നെ ഉത്തരവാദികളാകണമെന്ന നിലപാടിലാണ് സർക്കാർ ഈ തീരുമാനം കൈക്കൊണ്ടതെന്ന് അറ്റോർണി ജനറൽ ഗൈ ബാർനെറ്റ് പറഞ്ഞു.

നിയമപരിഷ്കാരത്തിന്റെ ഭാഗമായി 'കോഴ്സീവ് കൺട്രോൾ' (Coercive control - മാനസികമായി തളർത്തുന്ന നിയന്ത്രണങ്ങൾ) പരാതികൾ റിപ്പോർട്ട് ചെയ്യാനുള്ള കാലാവധി ഒരു വർഷത്തിൽ നിന്ന് രണ്ട് വർഷമായി ഉയർത്തി. പലപ്പോഴും വർഷങ്ങളോളം നീളുന്ന പീഡനങ്ങൾക്ക് ശേഷമാണ് ഇരകൾ പരാതിയുമായി മുന്നോട്ട് വരുന്നത് എന്നതിനാലാണ് ഈ മാറ്റം. കൂടാതെ, മാരകമല്ലാത്ത കഴുത്ത് ഞെരിക്കൽ (Non-fatal strangulation) കേസുകൾക്കായി ലോവർ കോടതികളിൽ പുതിയ ചാർജ്ജ് ഏർപ്പെടുത്തി. ശാരീരികമായി വലിയ മുറിവുകൾ ഇല്ലാത്ത സാഹചര്യങ്ങളിലും ഇത്തരം പ്രവൃത്തികൾ ഇരകളിൽ ഉണ്ടാക്കുന്ന ഭയം കണക്കിലെടുത്താണ് നിയമം കർശനമാക്കിയത്.

ഗാർഹിക പീഡനം അനുഭവിക്കുന്ന വാടകക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കൽ, സാമ്പത്തികവും വൈകാരികവുമായ പീഡനങ്ങൾക്ക് കൃത്യമായ നിർവചനം നൽകൽ, പരാതി നൽകുന്നവർക്ക് കൂടുതൽ സംരക്ഷണം നൽകൽ എന്നിവയും പുതിയ പാക്കേജിലുണ്ട്. 2026-27 ബജറ്റിൽ ഗാർഹിക പീഡന പ്രതിരോധ പ്രവർത്തനങ്ങൾക്കായി 82 മില്യൺ ഡോളറാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പ്രതിപക്ഷമായ ലേബർ പാർട്ടിയും പുതിയ നിയമനിർമ്മാണത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ അവസാനത്തോടെ ബില്ലിന്റെ കരട് പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പുറത്തിറക്കും.

SCROLL FOR NEXT