ഹോബാർട്ട്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് എണ്ണവില വർദ്ധിക്കുന്നതിനിടെ, ഇന്ധന ചില്ലറ വിൽപനക്കാർ അനാവശ്യമായി വില ഉയർത്തുന്നതിനെതിരെ ടാസ്മാനിയൻ സർക്കാർ രംഗത്ത്. ഉപഭോക്തൃ സംരക്ഷണ ഏജൻസിയായ എസിസിസി (ACCC) ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഡെപ്യൂട്ടി പ്രീമിയർ ഗൈ ബാർനെറ്റ് ആവശ്യപ്പെട്ടു. ആഗോള വിപണിയിലെ വിലക്കയറ്റം ഒരു മറയാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അമിതവില ഈടാക്കുന്നവർക്കെതിരെ നിയമത്തിന്റെ എല്ലാ പടവാളുകളും പ്രയോഗിക്കണമെന്ന് പ്രീമിയർ ജെറമി റോക്ലിഫ് പറഞ്ഞു. ലാഭക്കൊള്ള നടത്തുന്നത് 'അൺ-ഓസ്‌ട്രേലിയൻ' രീതിയാണെന്നും അദ്ദേഹം വിമർശിച്ചു. വില കുതിച്ചുയരുന്നത് ജനങ്ങൾക്കിടയിൽ ഇന്ധനക്ഷാമമുണ്ടെന്ന തെറ്റായ ധാരണ പടർത്താനും പരിഭ്രാന്തരായി ഇന്ധനം വാരിക്കൂട്ടാനും കാരണമാകുന്നുണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ ഇന്ധനക്ഷാമം നിലവിലില്ലെന്നും കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഇന്ധനശേഖരം രാജ്യത്തുണ്ടെന്നും ഫെഡറൽ സർക്കാർ ഉറപ്പുനൽകി.
വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ തുടങ്ങിയ സംസ്ഥാനങ്ങളും ഇതിനോടകം തന്നെ വിലക്കയറ്റത്തിനെതിരെ ശക്തമായ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ടാസ്മാനിയയും കർശന നിലപാടുമായി രംഗത്തെത്തിയത്. ഇന്ധനവില വർദ്ധനവ് കാർഷിക മേഖലയെയും ചെറുകിട ബിസിനസ്സുകളെയും സാരമായി ബാധിക്കുമെന്നതിനാൽ വിപണിയിലെ ചലനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചു.