പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ഭീതി നിലനിൽക്കെ, ടാസ്മാനിയയിൽ ഇന്ധനം ശേഖരിച്ചുവെക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന മന്ത്രി ബ്രിഡ്ജറ്റ് ആർച്ചർ വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് ആവശ്യത്തിന് ഇന്ധനശേഖരമുണ്ടെന്നും വിതരണം തടസ്സമില്ലാതെ തുടരുമെന്നും അവർ അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ ഡീസൽ വില ലിറ്ററിന് 1.87 ഡോളറിൽ നിന്ന് 2.17 ഡോളറായും, അൺലെഡഡ് പെട്രോൾ 1.76 ഡോളറിൽ നിന്ന് 2.01 ഡോളറായും ഉയർന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ആഗോള വിപണിയിൽ വില കൂടാൻ കാരണമായത്. ചില പെട്രോൾ പമ്പുകൾ വരും ദിവസങ്ങളിൽ വിതരണത്തിൽ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പരിഭ്രാന്തി ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. വില കുറഞ്ഞ പമ്പുകൾ കണ്ടെത്താൻ 'Tas Fuel Saver' ആപ്പ് ഉപയോഗിക്കാനും, സാധിക്കുമെങ്കിൽ പൊതുഗതാഗതമോ സൈക്കിളോ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. അമിതവില ഈടാക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഫെഡറൽ ട്രഷറർ ജിം ചാൽമേഴ്സ് നിർദ്ദേശം നൽകിയിട്ടുണ്ട്.