ഹൊബാർട്ട്: ഓസ്‌ട്രേലിയൻ സ്കൂൾ വിദ്യാർത്ഥികളുടെ സാക്ഷരതാ-ഗണിത നൈപുണ്യ വിലയിരുത്തൽ പരീക്ഷയായ 'നാപ്ലാൻ' (NAPLAN) ദേശീയ റിപ്പോർട്ടിൽ നിന്ന് ടാസ്മാനിയ സംസ്ഥാനത്തെ ഒഴിവാക്കി. അധ്യാപക സംഘടന നടത്തിയ പരീക്ഷാ ബഹിഷ്കരണത്തെ തുടർന്ന് കൃത്യമായ ഡാറ്റ ശേഖരിക്കാൻ കഴിയാതെ വന്നതോടെയാണ് ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനത്തെ ദേശീയ റാങ്കിംഗിൽ നിന്നും താരതമ്യങ്ങളിൽ നിന്നും ബോർഡ് പൂർണ്ണമായി ഒഴിവാക്കിയത്.
ഓസ്‌ട്രേലിയൻ കരികുലം, അസ്സസ്‌മെന്റ് ആൻഡ് റിപ്പോർട്ടിംഗ് അതോറിറ്റി (ACARA) ആണ് ടാസ്മാനിയയിൽ നിന്നുള്ള വിവരങ്ങൾ സാങ്കേതിക നിലവാരം പുലർത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2026-ലെ ദേശീയ റിപ്പോർട്ടിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയത്. വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസ്, ക്വീൻസ്‌ലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 93 മുതൽ 97 ശതമാനം വരെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ, ഓസ്‌ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയൻ (AEU) സംഘടിപ്പിച്ച പണിമുടക്ക് കാരണം ടാസ്മാനിയയിൽ പങ്കാളിത്ത നിരക്ക് കുത്തനെ ഇടിഞ്ഞു. അധ്യാപകരുടെ വേതന വർദ്ധനവും ജോലി സാഹചര്യങ്ങളും മുൻനിർത്തിയായിരുന്നു സമരം. സംഭവം ദേശീയതലത്തിൽ സംസ്ഥാനത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് ജോഷ് വില്ലി വിമർശിച്ചപ്പോൾ, പരീക്ഷകളിൽ പങ്കെടുത്ത സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും പ്രത്യേക വ്യക്തിഗത റിപ്പോർട്ടുകൾ നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.