ഹോബാർട്ട്: മറവിരോഗം (ഡിമെൻഷ്യ) ബാധിച്ച വ്യക്തികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും മണ്ണിലിറങ്ങിയുള്ള തോട്ടപ്പണികൾ ഫലപ്രദമെന്ന് ടാസ്മാനിയൻ ഗവേഷകർ. യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയിലെ (UTAS) വിക്കിംഗ് ഡിമെൻഷ്യ റിസർച്ച് ആൻഡ് എജ്യുക്കേഷൻ സെന്ററാണ് പ്രകൃതിയുമായി ഇണങ്ങി പ്രവർത്തിക്കുന്ന 'വെഞ്ചർ ഔട്ട് ലിവിംഗ് ലാബ്' (Venture Out Living Lab) പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പ്രൈമറി ഹെൽത്ത് ടാസ്മാനിയയുടെ സാമ്പത്തിക സഹായത്തോടെയും കൺസർവേഷൻ വോളണ്ടിയേഴ്സ് ഓസ്‌ട്രേലിയയുടെ പങ്കാളിത്തത്തോടെയുമാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
ഹോബാർട്ടിലെ ചിഗ്‌വെൽ കമ്മ്യൂണിറ്റി ഗാർഡനിലാണ് ഡിമെൻഷ്യ ബാധിതർക്കും അവരുടെ കെയർ പാർട്ണർമാർക്കുമായി പ്രത്യേക ഗാർഡനിംഗ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. രോഗബാധിതനായ ശേഷം തനിക്ക് നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നതിന് പകരം, മുന്നിലുള്ള മനോഹരമായ നിമിഷങ്ങളെ ആസ്വദിക്കാൻ ഈ തോട്ടപ്പണി സഹായിച്ചതായി പദ്ധതിയിൽ പങ്കാളിയായ പീറ്റർ മലോണി സാക്ഷ്യപ്പെടുത്തുന്നു. മണ്ണിൽ പണിയെടുക്കുന്നതിലൂടെയും പക്ഷികളെ നിരീക്ഷിക്കുന്നതിലൂടെയും രോഗികളിൽ ഒറ്റപ്പെടലും ഉത്കണ്ഠയും കുറയുന്നതായും ജീവിതത്തോടുള്ള സന്തോഷവും സംതൃപ്തിയും വർദ്ധിക്കുന്നതായും പഠനത്തിൽ കണ്ടെത്തി.
ഡിമെൻഷ്യ സ്ഥിരീകരിക്കുന്നതോടെ വീടുകൾക്കുള്ളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകുന്ന രോഗികളെ പുറംലോകത്തേക്ക് കൊണ്ടുവരികയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കസാന്ദ്ര തോംസൺ വ്യക്തമാക്കി. ചിഗ്‌വെല്ലിന് പുറമെ ടാസ്മാനിയൻ ബുഷ്‌ലാൻഡ് ഗാർഡൻ, ഡെർവെന്റ് വാലി, വാറാനെ എന്നിവിടങ്ങളിലെല്ലാം ഇത്തരം ഡിമെൻഷ്യ-സൗഹൃദ പ്രവർത്തനങ്ങൾ സജീവമാണ്. നിലവിൽ 2027 ജൂൺ വരെയാണ് ചിഗ്‌വെൽ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളത്.