Tasmania Faces Pressure to Act on Exploding Deer Population  pulse tasmania
Tasmania

ടാസ്മാനിയയിൽ വർദ്ധിച്ചുവരുന്ന മ്ലാവുകളുടെ എണ്ണം; ശക്തമായ നടപടിക്ക് സർക്കാരിനുമേൽ സമ്മർദ്ദം

കാർഷിക മേഖലയ്ക്കും പൊതുജനസുരക്ഷയ്ക്കും മ്ലാവുകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

Elizabath Joseph

ഹോബാർട്ട്: ടാസ്മാനിയയിലെ മ്ലാവുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് തടയാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പരിസ്ഥിതി സംഘടനകൾ. മ്ലാവുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ പൊതുജനാഭിപ്രായ ശേഖരണത്തിൽ എണ്ണൂറിലധികം നിർദ്ദേശങ്ങളാണ് ലഭിച്ചത്. വിനോദത്തിനായുള്ള നായാട്ടിലൂടെ മാത്രം ഈ പ്രശ്നം പരിഹരിക്കാനാവില്ലെന്നും, സംരക്ഷിത മേഖലകളിൽ ശാസ്ത്രീയമായ നിയന്ത്രണ സംവിധാനങ്ങൾ വേണമെന്നും ഇൻവേസീവ് സ്പീഷീസ് കൗൺസിൽ പ്രതിനിധി ഡോ. ടിയാന പിർട്ടിൽ പറഞ്ഞു. മ്ലാവുകളെ 'അധിനിവേശ കീടമായി' (Invasive pest) പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

കാർഷിക മേഖലയ്ക്കും പൊതുജനസുരക്ഷയ്ക്കും മ്ലാവുകൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. കൃഷിയിടങ്ങളിൽ കൂട്ടമായെത്തുന്ന ഇവ വേലികളും വിളകളും നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മ്ലാവുകൾ മൂലമുണ്ടാകുന്ന വാഹനാപകടങ്ങളിൽ 162 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇൻഷുറൻസ് ഇനത്തിൽ മാത്രം എട്ട് ലക്ഷത്തോളം ഡോളറാണ് ഇതിനോടകം നഷ്ടപരിഹാരമായി നൽകേണ്ടി വന്നത്. അയൽ സംസ്ഥാനങ്ങളായ വിക്ടോറിയ, ന്യൂ സൗത്ത് വെയ്‌ൽസ് എന്നിവിടങ്ങളിലേതുപോലെ സ്ഥിതിഗതികൾ കൈവിട്ടുപോകുന്നതിന് മുൻപ് നടപടി വേണമെന്നാണ് ആവശ്യം.

മ്ലാവുകളെ ഇല്ലാതാക്കുന്നതിനായുള്ള നിയമതടസ്സങ്ങൾ ഒഴിവാക്കണമെന്ന കാര്യത്തിൽ ഭൂവുടമകളും നായാട്ടുസംഘങ്ങളും ഒരുപോലെ യോജിക്കുന്നു. എന്നാൽ സർക്കാർ ഈ വിഷയത്തിൽ ഉദാസീനത കാട്ടുകയാണെന്ന് ഗ്രീൻസ് പാർട്ടി ആരോപിച്ചു. റോഡ് യാത്രക്കാരുടെ സുരക്ഷയെക്കാൾ സർക്കാർ പ്രാധാന്യം നൽകുന്നത് ഇത്തരം ജീവികളെ സംരക്ഷിക്കാനാണെന്ന് എം.പി തബത ബാഡ്ജർ വിമർശിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിച്ച ശേഷം മ്ലാവുകളെ നിയന്ത്രിക്കുന്നതിനുള്ള അന്തിമ നയം ഉടൻ പുറത്തിറക്കുമെന്ന് പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രി ഗാവിൻ പിയേഴ്സ് അറിയിച്ചു.

SCROLL FOR NEXT