ടാസ്മാനിയ പോലീസ്  PC: Pulse Tasmania
Tasmania

മരണസംഖ്യ ഉയർന്ന 2025ന് പിന്നാലെ ‘റോഡുകളിൽ പൂജ്യം മരണം’ ലക്ഷ്യമിട്ട് ടാസ്മാനിയ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടാസ്മാനിയ സർക്കാർ റോഡ് സുരക്ഷയ്ക്കായി 125 മില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്.

Elizabath Joseph

ഹൊബാർട്ട്: കഴിഞ്ഞ വർഷം സംസ്ഥാനത്തെ റോഡുകളിൽ 44 പേർ ജീവൻ നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ, 2026ലെ പുതുവത്സര പ്രതിജ്ഞയായി റോഡ് സുരക്ഷയെ ഏറ്റെടുക്കണമെന്ന് ടാസ്മാനിയക്കാർക്ക് ആഹ്വാനം. 2024ൽ 31 പേരാണ് റോഡ് അപകടങ്ങളിൽ മരിച്ചത്. 2025ൽ ഇത് 44 ആയി ഉയർന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 307ൽ നിന്ന് 278 ആയി കുറഞ്ഞിട്ടുണ്ട്.

2026 റോഡ് സുരക്ഷയിൽ നിർണായകമായ വഴിത്തിരിവാകണമെന്ന് ഗതാഗത മന്ത്രി കെറി വിൻസെന്റ് പറഞ്ഞു.

“എല്ലാ ടാസ്മാനിയക്കാർക്കും പുതുവത്സരാശംസകൾ. കഴിഞ്ഞ വർഷം റോഡുകളിൽ ഉണ്ടായ ദുഃഖകരമായ സംഭവങ്ങൾക്ക് ശേഷം 2026 ഒരു വഴിത്തിരിവായിരിക്കണം,” അദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും, വാഹനമോടിക്കുന്നവരും യാത്രക്കാരും കാൽനടയാത്രക്കാരും ഉൾപ്പെടെ മിക്കവരും റോഡ് ഉപയോക്താക്കളാണെന്നും മന്ത്രി വ്യക്തമാക്കി.

ഗുരുതര അപകടങ്ങൾക്ക് കാരണമാകുന്ന പ്രധാന അഞ്ച് പ്രവണതകളായ ‘ഫേറ്റൽ ഫൈവ്’ അദ്ദേഹം ചൂണ്ടിക്കാട്ടി:അമിതവേഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, മദ്യലഹരിയിൽ വാഹനം ഓടിക്കൽ, ഡ്രൈവർ ക്ഷീണം, ശ്രദ്ധക്കുറവ്. ഒരാളുടെ നിമിഷനേരത്തെ തെറ്റായ തീരുമാനമോ, നമ്മുടെ തന്നെ ഒരു ചെറിയ പിഴവോ വലിയ ദുരന്തങ്ങൾക്ക് കാരണമാകാം,” മന്ത്രി പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ടാസ്മാനിയ സർക്കാർ റോഡ് സുരക്ഷയ്ക്കായി 125 മില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ടെങ്കിലും, വ്യക്തിഗത തീരുമാനങ്ങളാണ് ഏറ്റവും നിർണായകമെന്ന് അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT