ഹോബാർട്ട്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നതിനിടെ ടാസ്മാനിയയിലെ ഇന്ധന വിതരണ കമ്പനിയായ ടാസ് പെട്രോളിയത്തിന് നേരെ കടുത്ത ഭീഷണിയും അതിക്രമങ്ങളും. വിലവർദ്ധനവിൽ പ്രകോപിതരായ ആരോ ഒരാൾ തങ്ങളുടെ ഓഫീസ് 'ബോംബ് വെച്ച് തകർക്കും' എന്ന് ഭീഷണിപ്പെടുത്തിയതായി കമ്പനി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി തങ്ങളുടെ ജീവനക്കാർക്ക് നേരെ നിരന്തരമായ അധിക്ഷേപങ്ങളും ഓഫീസുകൾക്ക് നേരെ ആക്രമണങ്ങളും ഉണ്ടാകുന്നതായും കമ്പനി വ്യക്തമാക്കി.
തങ്ങൾ വലിയ എണ്ണക്കമ്പനിയല്ലെന്നും 100 ശതമാനം ടാസ്മാനിയൻ ഉടമസ്ഥതയിലുള്ള ഒരു വിതരണക്കാർ മാത്രമാണെന്നും കമ്പനി ഓർമ്മിപ്പിച്ചു. മൊത്തക്കച്ചവടക്കാർ വില വർദ്ധിപ്പിക്കുന്നതനുസരിച്ചുള്ള മാറ്റം മാത്രമാണ് തങ്ങൾ വരുത്തുന്നത്. ചില ദിവസങ്ങളിൽ ഒറ്റരാത്രികൊണ്ട് 10 മുതൽ 20 സെന്റ് വരെ വില വർദ്ധിക്കുന്നുണ്ട്. ഇത് തങ്ങൾ നിശ്ചയിക്കുന്ന വിലയല്ല. ഇന്ധനവില വർദ്ധിക്കുമ്പോൾ അതിന്റെ യഥാർത്ഥ ലാഭം സർക്കാരിനാണെന്നും ടാസ് പെട്രോളിയം ചൂണ്ടിക്കാട്ടി. നിലവിലെ കണക്കനുസരിച്ച് ഒരു ലിറ്റർ പെട്രോളിൽ നിന്ന് എക്സൈസ് ഡ്യൂട്ടിയും ജിഎസ്ടിയും ഉൾപ്പെടെ ഏകദേശം 77.6 സെന്റ് നികുതിയായിട്ടാണ് സർക്കാർ ഈടാക്കുന്നത്.
ടാസ്മാനിയയിൽ പ്രതിദിനം 30 ലക്ഷം ലിറ്ററിലധികം ഇന്ധനം ഉപയോഗിക്കുന്നുണ്ടെന്നും ഇതിലൂടെ സർക്കാരിലേക്ക് ഓരോ ദിവസവും 23 ലക്ഷം മുതൽ 27 ലക്ഷം ഡോളർ വരെ നികുതിയായി എത്തുന്നുണ്ടെന്നും കമ്പനി പറഞ്ഞു. വിപണിയിൽ വില കുറയുമ്പോൾ അത് ജനങ്ങളിലേക്ക് എത്തിക്കാൻ തങ്ങൾ എപ്പോഴും മുൻപന്തിയിലുണ്ടാകുമെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്നും ടാസ് പെട്രോളിയം അറിയിച്ചു. ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.