ഈ സ്ഥാപനങ്ങളിൽ 80-ലധികം ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. 
Tasmania

‌ഹോബാർട്ടിലെ ഏഴ് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾ അടച്ചു; 80-ലധികം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിൽ

അടുത്ത അറിയിപ്പ് വരെ എല്ലാ ബുക്കിംഗുകളും, സ്വകാര്യ ചടങ്ങുകളും, വിവാഹങ്ങളും, കോർപ്പറേറ്റ് പരിപാടികളും റദ്ദാക്കിയതായി കാർഗോ ബാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

Safvana Jouhar

ഹോബാർട്ടിൽ പ്രശസ്തമായ ഏഴ് റെസ്റ്റോറന്റുകളും ബാറുകളും അപ്രതീക്ഷിതമായി പ്രവർത്തനം നിർത്തി. സ്ഥാപനങ്ങളുടെ ഉടമകളായ പബ് ബാങ്ക് ഗ്രൂപ്പും ഹോട്ടൽ ബാങ്ക് ഗ്രൂപ്പും സ്വമേധയാ അഡ്മിനിസ്ട്രേഷനിൽ (Voluntary Administration) പ്രവേശിച്ചതിനെ തുടർന്നാണ് തീരുമാനം. കാർഗോ ബാർ സലമാങ്ക, ജാക്ക് ഗ്രീൻ, ഒബ്സർവേറ്ററി ബാർ, ഫ്രാങ്ക്ലിൻ വാർഫ് റെസ്റ്റോറന്റ് ആൻഡ് ബാർ, ഫ്രാങ്ക്ലിൻ വാർഫ് ഫങ്ഷൻ സെന്റർ, റിപ്പബ്ലിക് ബാർ, പോസ്റ്റ് സ്ട്രീറ്റ് സോഷ്യൽ എന്നിവയാണ് അടച്ചുപൂട്ടിയത്. ഈ സ്ഥാപനങ്ങളിൽ 80-ലധികം ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്.

അടുത്ത അറിയിപ്പ് വരെ എല്ലാ ബുക്കിംഗുകളും, സ്വകാര്യ ചടങ്ങുകളും, വിവാഹങ്ങളും, കോർപ്പറേറ്റ് പരിപാടികളും റദ്ദാക്കിയതായി കാർഗോ ബാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച സ്ഥാപനങ്ങൾ, സ്ഥിതി തങ്ങളുടെ നിയന്ത്രണത്തിന് പുറത്താണെന്നും വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റർമാരായ Apex Advisory പുതിയ ഉടമയെ കണ്ടെത്താനുള്ള അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുൻകൂട്ടി നൽകിയ ബുക്കിങ് തുകയും ഇവന്റ് ഡെപ്പോസിറ്റുകളും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് പരിശോധിച്ചുവരികയാണെന്ന് അവർ അറിയിച്ചു. സ്ഥാപനങ്ങളുടെ മൂല്യം സംരക്ഷിക്കാനും എത്രയും വേഗം പുതിയ ഉടമസ്ഥതയിൽ വീണ്ടും തുറക്കാനുമാണ് ലക്ഷ്യമെന്ന് എപെക്സ് അഡ്വൈസറി മാനേജിംഗ് ഡയറക്ടർ ടിം ബുക്കർ പറഞ്ഞു. തൊഴിലവസരങ്ങൾ പരമാവധി സംരക്ഷിക്കാനും കടക്കാരുടെ താൽപര്യങ്ങൾ ഉറപ്പാക്കാനുമാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാര രംഗത്തെ ദീർഘകാല പ്രതിസന്ധിയും ജീവിതച്ചെലവിലെ വർധനവും വിതരണച്ചെലവ്, ഇൻഷുറൻസ്, വാടക തുടങ്ങിയവ ഉയർന്നതുമാണ് സ്ഥാപനങ്ങൾ ഈ അവസ്ഥയിലെത്താൻ കാരണമായതെന്ന് ഗ്രൂപ്പ് ഡയറക്ടർ ഇയാൻ വോൺ പറഞ്ഞു. അതേസമയം, ടാസ്മാനിയയിലെ ഹോസ്പിറ്റാലിറ്റി മേഖല കടുത്ത സാമ്പത്തിക സമ്മർദം നേരിടുകയാണെന്നും ചെറുകിട ബിസിനസുകളെ സംരക്ഷിക്കാൻ സർക്കാർ കൂടുതൽ ഇടപെടൽ നടത്തണമെന്നും മേഖലയിലെ പ്രതിനിധികൾ ആവശ്യപ്പെട്ടു.

SCROLL FOR NEXT