ഹോബാർട്ട്: ടാസ്മാനിയയിൽ പക്ഷിപ്പനിയുടെ H5N1 വൈറസ് ബാധിച്ച രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചു. കിംഗ് ഐലൻഡിൽ കണ്ടെത്തിയ ക്രെസ്റ്റഡ് ടേൺ എന്ന കടൽപ്പക്ഷിയിലാണ് H5N1 സ്ഥിരീകരിച്ചത്. കറി (Currie)യ്ക്ക് സമീപമുള്ള തീരപ്രദേശത്ത് നിന്ന് വ്യാഴാഴ്ചയാണ് Department of Natural Resources and Environment (NRE) Tasmania ജീവനക്കാർ പക്ഷിയെ കണ്ടെത്തിയത്. പരിശോധനകൾക്ക് പിന്നാലെ രാത്രി തന്നെ പക്ഷിയിൽ H5N1 വൈറസ് സ്ഥിരീകരിക്കുകയായിരുന്നു.
Emergency Animal Disease Hotline വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പക്ഷിയെ കണ്ടെത്തിയത്. ഇതേ പ്രദേശത്ത് നിന്ന് ഇന്നലെ വൈകുന്നേരം രണ്ട് ക്രെസ്റ്റഡ് ടേണുകളെക്കൂടി രോഗബാധിത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പരിശോധനാഫലം ശനിയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓസ്‌ട്രേലിയയിലെ തീരപ്രദേശങ്ങളിലും ടാസ്മാനിയയിലും സാധാരണയായി കാണപ്പെടുന്ന പക്ഷികളാണ് ക്രെസ്റ്റഡ് ടേണുകൾ.
രോഗബാധിതമായതോ ചത്തതോ ആയ പക്ഷികളെ കണ്ടെത്തുന്നവർ അവയെ തൊടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പക്ഷിയെ നേരിട്ട് കൈകാര്യം ചെയ്യാതെ കണ്ട വിവരങ്ങൾ രേഖപ്പെടുത്തി Emergency Animal Disease Hotline: 1800 675 888 എന്ന നമ്പറിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. ടാസ്മാനിയയിൽ H5N1 എത്തിയത് പ്രതീക്ഷിച്ചിരുന്ന കാര്യമാണെന്ന് പ്രീമിയർ ജെറമി റോക്ക്ലിഫ് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഓസ്‌ട്രേലിയയിലെ മറ്റ് സംസ്ഥാനങ്ങളിലും വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് ടാസ്മാനിയയിലും വൈറസ് എത്തിയത്. വൈറസിന്റെ വ്യാപനം നിരീക്ഷിക്കാൻ സംസ്ഥാനത്തുടനീളം വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫീൽഡ് നിരീക്ഷണം, സാമ്പിൾ ശേഖരണം, പരിശോധന, ആകാശനിരീക്ഷണം, റിമോട്ട് സർവെയലൻസ് സാങ്കേതികവിദ്യ എന്നിവ ഇതിൽ ഉൾപ്പെടുന്നു. “ഞങ്ങൾ തയ്യാറാണ്. മുൻകരുതൽ നടപടികളാണ് സ്വീകരിക്കുന്നത്. വേഗത്തിൽ പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്,” റോക്ക്ലിഫ് പറഞ്ഞു.