BearCat vehicle Tasmania Police
Tasmania

രണ്ടാമത്തെ 'ബെയർക്യാറ്റും' ടാസ്മാനിയൻ പോലീസിലേക്ക്; സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കുന്നു

വെടിയുണ്ടകളെയും സ്‌ഫോടനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക വാഹനം

Elizabath Joseph

ഹോബാർട്ട്: സംസ്ഥാനത്തെ ഹൈ-റിസ്ക് ഓപ്പറേഷനുകൾക്കായി ടാസ്മാനിയ പോലീസ് തങ്ങളുടെ കവചിത വാഹന വ്യൂഹം വിപുലീകരിക്കുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയ പോലീസ് നല്കിയ ബെയർക്യാറ്റ് വാഹനം എത്തുന്നതോടെ സംസ്ഥാനത്തെ വടക്കൻ, തെക്കൻ മേഖലകളിൽ ഒരേസമയം ഇത്തരം സുരക്ഷാ സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് അസിസ്റ്റന്റ് കമ്മീഷണർ അഡ്രിയാൻ ബോഡ്‌നാർ പറഞ്ഞു. നിലവിൽ ഒരു ബെയർക്യാറ്റ് മാത്രമാണ് ടാസ്മാനിയ പോലീസിനുള്ളത്.

വെടിയുണ്ടകളെയും സ്‌ഫോടനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ഈ അത്യാധുനിക വാഹനം. സായുധരായ കുറ്റവാളികളെ നേരിടുന്നതിനും, അപകടകരമായ സാഹചര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പൊതുജനങ്ങളെയും ഉദ്യോഗസ്ഥരെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനും (extraction) ഈ വാഹനം ഉപയോഗിക്കും. ഒരേസമയം 10 സ്പെഷ്യലിസ്റ്റ് ഓപ്പറേറ്റർമാരെ വഹിക്കാൻ ശേഷിയുള്ള ഈ വാഹനത്തിൽ റെക്കോർഡിംഗ് സംവിധാനങ്ങൾ, ഉച്ചഭാഷിണികൾ, വിഞ്ചുകൾ (winches), റമ്മിംഗ് ഗിയർ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് തവണയാണ് നിലവിലുള്ള ബെയർക്യാറ്റ് വാഹനം വെടിവയ്പ്പുമായി ബന്ധപ്പെട്ട ദൗത്യങ്ങൾക്കായി ഉപയോഗിച്ചത്. ഏകദേശം 9 ടൺ ഭാരമുള്ള പുതിയ വാഹനം ഈ വാരാന്ത്യത്തോടെ ടാസ്മാനിയയിലെത്തും. ആവശ്യമായ അറ്റകുറ്റപ്പണികൾക്കും രജിസ്ട്രേഷനും ശേഷം ഇത് സർവീസിന്റെ ഭാഗമാകും. ഈ വാഹനം സാധാരണ പട്രോളിംഗിനായി ഉപയോഗിക്കില്ലെന്നും അതീവ ജാഗ്രത വേണ്ട പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ നിരത്തിലിറക്കൂ എന്നും പോലീസ് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പോലീസ് ഏജൻസികൾ തമ്മിലുള്ള മികച്ച സഹകരണത്തിന്റെ ഉദാഹരണമാണ് ഈ കൈമാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT