പീറ്റർ വില്ലോബി (Image / Tasmania Police)
Tasmania

ഹോളിബാങ്കിനടുത്തുള്ള കാട്ടിൽ കാണാതായ 76 കാരന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവെച്ചു

കനത്ത വനപ്രദേശങ്ങളിൽ കഠിനമായ കാലാവസ്ഥയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

Safvana Jouhar

ടാസ്മാനിയയിലെ ഹോളിബാങ്കിനടുത്തുള്ള കാട്ടിൽ കാണാതായ 76 വയസ്സുള്ള പീറ്റർ വില്ലോബിക്കായുള്ള തിരച്ചിൽ പോലീസ് താൽക്കാലികമായി നിർത്തിവച്ചു. കാലാവസ്ഥ പ്രതികൂലമായതോടെയാണ് തിരച്ചിൽ നിർത്തിവെച്ചത്. കനത്ത വനപ്രദേശങ്ങളിൽ കഠിനമായ കാലാവസ്ഥയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് തിരച്ചിൽ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. എഴ, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവ കാരണം മോശം ദൃശ്യപരതയും തിരച്ചിൽ അങ്ങേയറ്റം ദുഷ്‌കരമാണ്. കൂടാതെ ഓപ്പറേഷനിലുടനീളം ഹെലികോപ്റ്ററുകളും ഡ്രോണുകളുടെ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിച്ചു.

അതേസമയം ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് പീറ്റർ വില്ലോബിയെ കാണാതായത്. പോലീസും പാരാമെഡിക്കുകളും എസ്.ഇ.എസ് വളണ്ടിയർമാരും ഞായറാഴ്ച മുതൽ ഇടതൂർന്നതും വനപ്രദേശവുമായ പ്രദേശങ്ങളിൽ അരിച്ചുപെറുക്കുന്നുണ്ടെങ്കിലും വില്ലോബിയുടെ ഒരു തുമ്പും കണ്ടെത്താനായില്ല. “തീർച്ചയായും, മിസ്റ്റർ വില്ലോബിയെ കണ്ടെത്താൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന്റെ ആരോ​ഗ്യത്തിൽ ആശങ്കകൾ നിലനിൽക്കുന്നുണ്ട്,” നോർത്തേൺ ഡിസ്ട്രിക്റ്റ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഇൻസ്‌പെക്ടർ നിക്ക് ക്ലാർക്ക് പറഞ്ഞു. കടും നീല നിറത്തിലുള്ള ജമ്പറും നീല ജീൻസും സ്‌നീക്കേഴ്‌സുമാണ് പീറ്റർ വില്ലോബി ധരിച്ചിരിക്കുന്നത്. വില്ലോബിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഞായറാഴ്ച മുതൽ പ്രദേശത്ത് അദ്ദേഹത്തെ കണ്ടിട്ടുണ്ടാകാൻ സാധ്യതയുള്ളവരോ 131 444 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു.

SCROLL FOR NEXT