Quit Tasmania
Tasmania

പുകവലി പകുതിയായി കുറച്ചു; 'ക്വിറ്റ് ടാസ്മാനിയ' മുപ്പതാം വാർഷികത്തിന്റെ നിറവിൽ

മുപ്പത് വർഷത്തിനിടെ ഏകദേശം 1.44 ലക്ഷം കൗൺസിലിംഗ് കോളുകൾ കൈകാര്യം ചെയ്തതായും 55,000 ക്വിറ്റ് പാക്കുകൾ വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു.

Elizabath Joseph

ടാസ്മാനിയയിൽ പുകയില വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്ന 'ക്വിറ്റ് ടാസ്മാനിയ' മുപ്പത് വർഷം പൂർത്തിയാക്കി. 1995-ൽ സംസ്ഥാനത്തെ മുതിർന്നവരിലെ പുകവലി നിരക്ക് 25.5 ശതമാനമായിരുന്നെങ്കിൽ 2022-ഓടെ അത് 13.5 ശതമാനമായി കുറയ്ക്കാൻ ഈ സംഘടനയുടെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു. മുപ്പത് വർഷത്തിനിടെ ഏകദേശം 1.44 ലക്ഷം കൗൺസിലിംഗ് കോളുകൾ കൈകാര്യം ചെയ്തതായും 55,000 ക്വിറ്റ് പാക്കുകൾ വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ആളുകളെ പുകവലി ഉപേക്ഷിക്കാൻ സഹായിച്ചെങ്കിലും, പുതിയ കാലത്തെ വെല്ലുവിളികളായ വേപ്പിംഗ് (Vaping), അനധികൃത പുകയില വിപണനം എന്നിവ ആശങ്കയുണ്ടാക്കുന്നതായി സംഘാടകർ മുന്നറിയിപ്പ് നൽകുന്നു. ടാസ്മാനിയയിൽ ഓരോ വർഷവും പുകവലി മൂലം ഏകദേശം 500 പേർ മരിക്കുന്നുണ്ടെന്നും ദീർഘകാല പുകവലിക്കാരായ മൂന്നിൽ രണ്ട് പേരുടെയും മരണം ഇതിനോടനുബന്ധിച്ചുള്ള രോഗങ്ങൾ മൂലമാണെന്നും അവർ ചൂണ്ടിക്കാട്ടി.

യുവതലമുറയ്ക്കിടയിൽ വേപ്പിംഗ് വർദ്ധിക്കുന്നത് തടയാൻ "ഡോണ്ട് ലെറ്റ് വേപ്പിംഗ് ഇൻ" (Don’t Let Vaping In) എന്ന പേരിൽ പുതിയ കാമ്പയിൻ സംഘടന ആരംഭിച്ചിട്ടുണ്ട്. പുകയില ഉൽപ്പന്നങ്ങൾ സാധാരണ സാധനങ്ങൾ പോലെ കടകളിൽ ലഭ്യമാക്കുന്നത് നിയന്ത്രിക്കണമെന്നും പുകയില വിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കണമെന്നും ക്വിറ്റ് ടാസ്മാനിയ ആവശ്യപ്പെട്ടു. സഹായം ആവശ്യമുള്ളവർക്ക് 13 7848 എന്ന നമ്പറിലോ quittas.org.au എന്ന വെബ്‌സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

SCROLL FOR NEXT