ജൂലൈ 21 ന് ഹൊബാർട്ടിലേക്കുള്ള വിർജിൻ ഓസ്‌ട്രേലിയ വിമാനത്തിൽ ഒരു യാത്രക്കാരന്റെ പവർ ബാങ്ക് ഓവർഹെഡ് ലോക്കറിൽ പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നാലെ എയർലൈൻ നിയമങ്ങൾ പരിഷ്കരിച്ചു. 149 യാത്രക്കാരും ആറ് ജീവനക്കാരുമായി ബോയിംഗ് 737 ഹൊബാർട്ട് വിമാനത്താവളത്തിലേക്ക് ഇറങ്ങുമ്പോഴാണ് സംഭവം. ഏഴാം നിരയ്ക്ക് മുകളിലുള്ള ഒരു ലോക്കറിൽ നിന്ന് വെളുത്ത പുകയും തീജ്വാലകളും വരുന്നത് കണ്ട് കാബിൻ ക്രൂ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും കേട്ടു. ഒരു യാത്രക്കാരന്റെ ബാക്ക്പാക്കിൽ ഉണ്ടായിരുന്ന പവർബാങ്കിൽ തീപിടിക്കുകയായിരുന്നു. തുടർന്ന് പൈലറ്റുമാർ പാൻ പാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ലാൻഡ് ചെയ്യാൻ മുൻഗണനാ അനുമതി നേടി. ക്രൂ അഗ്നിശമന ഉപകരണങ്ങളും വെള്ളവും ഉപയോഗിച്ച് തീ അണച്ചു. തുടർന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു.
അതേസമയം ഈ ആഴ്ച പുറത്തിറങ്ങിയ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയുടെ അന്തിമ റിപ്പോർട്ടിൽ പവർബാങ്കിൽ ലിഥിയം-അയൺ ബാറ്ററി തെർമൽ റൺഅവേ അനുഭവപ്പെട്ടതായി കണ്ടെത്തി (ബാറ്ററികൾ വേഗത്തിൽ ചൂടാകുകയും തീപിടിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം.). “ലിഥിയം ബാറ്ററി തെർമൽ റൺഅവേകളും തീപിടുത്തങ്ങളും കൈകാര്യം ചെയ്യാൻ പ്രയാസമാണ്, പ്രത്യേകിച്ച് വിമാനങ്ങളിൽ,” എടിഎസ്ബി ചീഫ് കമ്മീഷണർ ആംഗസ് മിച്ചൽ പറഞ്ഞു. അന്വേഷണത്തിൽ എയർലൈനിന്റെ ബാറ്ററി തീപിടുത്ത നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജീവനക്കാർക്ക് കഴിഞ്ഞില്ലെന്ന് കണ്ടെത്തി, കാരണം വിമാനം ടച്ച്ഡൗണിന് വെറും 10 മിനിറ്റ് മുമ്പ് മാത്രമാണ് അടിയന്തരാവസ്ഥ സംഭവിച്ചത്, ക്യാബിൻ സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തവും അവർക്കായിരുന്നു. രണ്ട് ക്രൂ അംഗങ്ങൾ സംരക്ഷണ ശ്വസന ഉപകരണങ്ങൾ ഉപയോഗിക്കാൻ ശ്രമിച്ചു, പക്ഷേ ഫിറ്റ്മെന്റ് പ്രശ്നങ്ങൾ കാരണം അത് ഫലപ്രദമല്ലെന്ന് കണ്ടെത്തി. എന്നാൽ ഈ സംഭവം ഓസ്‌ട്രേലിയയിലെ പ്രധാന വിമാനക്കമ്പനികളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. വിർജിൻ ഓസ്‌ട്രേലിയ, ക്വാണ്ടാസ്, ജെറ്റ്സ്റ്റാർ എന്നിവയെല്ലാം പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും സീറ്റ് പോക്കറ്റുകളിലോ സീറ്റുകൾക്കടിയിലോ അവരുടെ കൈകളിലോ സൂക്ഷിക്കണമെന്ന പുതിയ നയങ്ങൾ അവതരിപ്പിച്ചു.
“എല്ലാ യാത്രക്കാർക്കും അവരുടെ ലിഥിയം ബാറ്ററി ഉപകരണങ്ങൾ സുരക്ഷിതമായി പായ്ക്ക് ചെയ്തിട്ടുണ്ടെന്നും അവ ക്യാബിനിൽ എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്നതാണെന്നും ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ട്,” മിച്ചൽ പറഞ്ഞു. വിമാനം കേറുന്നതിന് മുമ്പ് സിവിൽ ഏവിയേഷൻ സേഫ്റ്റി അതോറിറ്റിയുടെ പായ്ക്ക് റൈറ്റ് വെബ്‌സൈറ്റ് പരിശോധിക്കാനും കേടായ ഉപകരണങ്ങൾ വീട്ടിൽ ഉപേക്ഷിക്കാനും അദ്ദേഹം യാത്രക്കാരോട് അഭ്യർത്ഥിച്ചു. “വിമാനത്തിനുള്ളിൽ തീപിടുത്തങ്ങൾ വേഗത്തിലും ഉചിതമായും കൈകാര്യം ചെയ്തില്ലെങ്കിൽ വിമാനത്തിന്റെ സുരക്ഷയ്ക്ക് കാര്യമായ അപകടമുണ്ടാക്കുന്നു,” അദ്ദേഹം പറഞ്ഞു.