ജനസംഖ്യാ വളർച്ചാ നിരക്ക് വെറും 0.3 ശതമാനമായി കുറഞ്ഞു.  
Tasmania

ടാസ്മാനിയയിലേക്കുള്ള കുടിയേറ്റം കുത്തനെ കുറഞ്ഞു

2025 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ വാർഷിക ജനസംഖ്യാ വളർച്ചാ നിരക്ക് വെറും 0.3 ശതമാനമായി കുറഞ്ഞു. രാജ്യത്തെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാണിത്.

Safvana Jouhar

ഹോബാർട്ട്: ഒരുകാലത്ത് ഓസ്ട്രേലിയക്കാർ ഏറ്റവും കൂടുതൽ താമസം മാറിയിരുന്ന ടാസ്മാനിയയിലേക്കുള്ള ജനപ്രവാഹം ഇപ്പോൾ ഗണ്യമായി കുറഞ്ഞതായി പുതിയ റിപ്പോർട്ട്. സംസ്ഥാനത്തിന്റെ ജനസംഖ്യാ വളർച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2016 മുതൽ 2021 വരെ ടാസ്മാനിയയുടെ ജനസംഖ്യയിൽ ഏകദേശം 50,000 പേരുടെ വർധനവുണ്ടായിരുന്നു. എന്നാൽ 2025 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ വാർഷിക ജനസംഖ്യാ വളർച്ചാ നിരക്ക് വെറും 0.3 ശതമാനമായി കുറഞ്ഞു. രാജ്യത്തെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാണിത്.

വിദഗ്ധരുടെ അഭിപ്രായത്തിൽ, യുവാക്കൾ തൊഴിലും വിദ്യാഭ്യാസ അവസരങ്ങളും തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുന്നതാണ് പ്രധാന കാരണം. വരും വർഷങ്ങളിൽ ജനനനിരക്കിനെക്കാൾ മരണനിരക്ക് കൂടുതലാകുന്ന "സ്വാഭാവിക ജനസംഖ്യാ ഇടിവ്" നേരിടുന്ന ആദ്യ ഓസ്ട്രേലിയൻ സംസ്ഥാനമായി ടാസ്മാനിയ മാറാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. ജനസംഖ്യാ വളർച്ച മന്ദഗതിയിലാകുന്നത് തൊഴിലാളി ക്ഷാമത്തിനും സാമ്പത്തിക വളർച്ചയിലെ കുറവിനും കാരണമാകുമെന്ന് ടാസ്മാനിയൻ ട്രഷറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രായമായ ജനസംഖ്യ വർധിക്കുന്നതും ആരോഗ്യ-വൃദ്ധപരിചരണ മേഖലകളിൽ കൂടുതൽ സമ്മർദം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം, 2050 ഓടെ ടാസ്മാനിയയുടെ ജനസംഖ്യ 6.5 ലക്ഷം ആക്കുകയെന്ന ലക്ഷ്യത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. മികച്ച ആരോഗ്യ സേവനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും ഒരുക്കിയാൽ കൂടുതൽ ആളുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനാകുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

SCROLL FOR NEXT