ടാസ്‌വാട്ടർ  ടാസ്‌വാട്ടർ
Tasmania

ടാസ്മാനിയയിൽ ജലക്ഷാമം രൂക്ഷമാകുന്നു; പ്രധാന നഗരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ടാസ്‌വാട്ടർ

വരും മാസങ്ങളിലും ശരാശരിയിലും കുറഞ്ഞ മഴ ലഭിക്കാൻ 75 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Elizabath Joseph

ഹോബാർട്ട്: മാസങ്ങളായി തുടരുന്ന മഴക്കുറവിനെത്തുടർന്ന് ടാസ്മാനിയയിലെ ജലസ്രോതസ്സുകൾ വറ്റിവരളുന്നു. ഓട്ട്‌ലാൻഡ്‌സ്, വൈറ്റ്‌മാർക്ക് എന്നീ നഗരങ്ങളിൽ ഉടൻ തന്നെ ഒന്നാം ഘട്ട ജലനിയന്ത്രണം (Stage One Restrictions) ഏർപ്പെടുത്തിയേക്കുമെന്ന് ടാസ്‌വാട്ടർ മുന്നറിയിപ്പ് നൽകി. കൂടാതെ ലാൺസെസ്റ്റൺ (Launceston) ഉൾപ്പെടെയുള്ള 19 പ്രദേശങ്ങളെ അതീവ ജാഗ്രതാനിർദ്ദേശമുള്ള 'വാച്ച്' ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ലേഡി ബാരൺ, സ്കാമാണ്ടർ എന്നിവിടങ്ങളിൽ ഒന്നാം ഘട്ട നിയന്ത്രണവും ഓർഫോർഡ്, ട്രിയാബുന്ന എന്നിവിടങ്ങളിൽ രണ്ടാം ഘട്ട നിയന്ത്രണവും നിലവിലുണ്ട്. വരും ആഴ്ചകളിൽ മഴ ലഭിച്ചില്ലെങ്കിൽ ഇവിടെ നിയന്ത്രണങ്ങൾ മൂന്നാം ഘട്ടത്തിലേക്ക് ഉയർത്തേണ്ടി വരുമെന്ന് ടാസ്‌വാട്ടർ വക്താവ് ലിസ് ഹാഫ്നർ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മഴയാണ് ഈ വർഷം പലയിടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്. വരും മാസങ്ങളിലും ശരാശരിയിലും കുറഞ്ഞ മഴ ലഭിക്കാൻ 75 ശതമാനം സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

സൗത്ത് എസ്ക്, ലിഫി, മെഴ്സി തുടങ്ങിയ പ്രധാന നദികളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജലം മിതമായി ഉപയോഗിക്കണമെന്ന് ടാസ്‌വാട്ടർ അഭ്യർത്ഥിച്ചു. കുളിക്കുന്ന സമയം കുറയ്ക്കുക, ടോയ്‌ലറ്റുകളിൽ ഹാഫ് ഫ്ലഷ് ഉപയോഗിക്കുക തുടങ്ങിയ ലളിതമായ മാറ്റങ്ങളിലൂടെ വലിയ അളവിൽ ജലം ലാഭിക്കാൻ സാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നഗരങ്ങളിലെ ജല ഉപയോഗം കുറഞ്ഞില്ലെങ്കിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരാകും.

SCROLL FOR NEXT