20 വർഷം മുമ്പ് ടാസ്മാനിയയിലെ സ്വർണഖനിയിൽ രണ്ടാഴ്ചയോളം കുടുങ്ങിക്കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരിൽ ഒരാളായ ടോഡ് റസ്സൽ ജീവിതത്തിന്റെ അവസാന നാളുകൾ വീട്ടിൽ ചെലവഴിക്കാൻ ആശുപത്രി വിട്ടു. 54 വയസ്സുകാരനായ റസ്സൽ, മാസങ്ങളായി ചികിത്സയിലായിരുന്നെങ്കിലും ഇനി വൈദ്യശാസ്ത്രപരമായും ശാരീരികമായും മുന്നോട്ടുപോകാൻ സാധ്യതകളില്ലെന്ന് വ്യക്തമാക്കി. ബുധനാഴ്ചയാണ് എട്ടര മാസത്തെ ആശുപത്രിവാസത്തിന് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. ഭാര്യ, മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്കൊപ്പം വീട്ടിൽ കഴിയാനാണ് തീരുമാനമെന്ന് റസ്സൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. വർഷങ്ങളായുള്ള വേദനയും അനിശ്ചിതത്വവും ചികിത്സകളും തുടർച്ചയായ തിരിച്ചടികളും തന്നെ മാനസികമായും ശാരീരികമായും തളർത്തിയെന്ന് അദ്ദേഹം കുറിച്ചു. ഇനി ചികിത്സയ്ക്ക് കൂടുതൽ സാധ്യതകളില്ലെന്നും പോരാടാനുള്ള കരുത്ത് ശേഷിക്കുന്നില്ലെന്നും റസ്സൽ വ്യക്തമാക്കി. അദ്ദേഹത്തെ ബാധിച്ച രോഗം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
2006-ൽ വടക്കൻ ടാസ്മാനിയയിലെ ബീക്കൺസ്ഫീൽഡ് സ്വർണഖനിയിലുണ്ടായ മണ്ണിടിച്ചിലിലാണ് റസ്സലും സഹപ്രവർത്തകൻ ബ്രാന്റ് വെബ്ബും ഭൂമിക്കടിയിൽ കുടുങ്ങിയത്. അപകടത്തിൽ ഇവരുടെ സഹപ്രവർത്തകനായ ലാറി നൈറ്റ് കൊല്ലപ്പെട്ടു. അന്ന് ആൻസാക് ദിനത്തിൽ 17 തൊഴിലാളികളാണ് ഖനിക്കുള്ളിലുണ്ടായിരുന്നത്. ഭൂചലനത്തെത്തുടർന്ന് ഖനിയിൽ പാറകൾ ഇടിഞ്ഞുവീണതോടെ 14 പേർക്ക് രക്ഷപ്പെടാനായെങ്കിലും മൂന്ന് പേരെ കണ്ടെത്താനായില്ല. അടുത്ത ദിവസം 44 വയസ്സുകാരനായ ലാറി നൈറ്റിന്റെ മൃതദേഹം കണ്ടെത്തി. നാല് ദിവസത്തിന് ശേഷമാണ് റസ്സലിനെയും വെബ്ബിനെയും ഒരു എക്സ്കവേറ്റർ യന്ത്രത്തിന്റെ കാബിനുള്ളിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
വീണ്ടും പാറയിടിച്ചിലുണ്ടാകുമെന്ന ആശങ്കയിൽ രക്ഷാപ്രവർത്തകർക്ക് സ്ഫോടനത്തിലൂടെ പാറ നീക്കുന്നത് നിർത്തേണ്ടിവന്നു. പകരം ചെറിയൊരു ദ്വാരം തുരന്ന് അതിലൂടെ തൊഴിലാളികൾക്ക് പൈപ്പ് എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടർന്നത്. 15 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ മേയ് 9-ന് പുലർച്ചെയാണ് ഇരുവരെയും പുറത്തെടുത്തത്. ഭൂമിക്കടിയിൽവെച്ച് പ്രാഥമിക വൈദ്യപരിശോധനയും കുളിക്കാനുള്ള സൗകര്യവും നൽകിയ ശേഷം ഒരു മണിക്കൂറിനുള്ളിൽ അവർ ഖനിയിൽനിന്ന് പുറത്തെത്തി. ഖനിയുടെ ലിഫ്റ്റിൽനിന്ന് റസ്സലും വെബ്ബും പുറത്തുവരുന്ന ദൃശ്യങ്ങൾ അന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കൈകൾ ഉയർത്തി പുഞ്ചിരിയോടെ പുറത്തുവന്ന ഇരുവരുടെയും ചിത്രം ലോകമെമ്പാടും പ്രചരിച്ചു. പിറ്റേന്ന് ഇരുവരും ലാറി നൈറ്റിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
രക്ഷപ്പെട്ടതിന് ശേഷമുള്ള വർഷങ്ങളിൽ റസ്സൽ അഗ്നിശമനസേനാംഗമായും മോട്ടിവേഷണൽ സ്പീക്കറായും പ്രവർത്തിച്ചു. ഖനിക്കുള്ളിൽ കുടുങ്ങിയ അനുഭവവും രക്ഷപ്പെട്ടതിന് ശേഷവും നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളും അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിരുന്നു. 2024 മധ്യത്തിൽ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ അറിയിച്ച അദ്ദേഹം, 2025 ഒക്ടോബറിലും ചികിത്സയ്ക്കായി ആശുപത്രിയിലാണെന്നും പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും കുറിച്ചിരുന്നു.