പ്രീമിയർ ജെറമി റോക്ക്ലിഫ് ഇന്ന് ‘Northern Economic Plan’ പ്രഖ്യാപിക്കും.  
Tasmania

വടക്കൻ ടാസ്മാനിയയ്ക്ക് 10 വർഷത്തെ സാമ്പത്തിക പദ്ധതി

വടക്കൻ ടാസ്മാനിയയുടെ വികസനത്തിന് പുതിയ അവസരങ്ങളുടെ കാലഘട്ടത്തിന് തുടക്കമിടുന്നതാണ് പദ്ധതിയെന്ന് റോക്ക്ലിഫ് പറഞ്ഞു.

Safvana Jouhar

ലോൺസെസ്റ്റൺ: വടക്കൻ ടാസ്മാനിയയുടെ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് 10 വർഷത്തെ സാമ്പത്തിക പദ്ധതി പുറത്തിറക്കി സംസ്ഥാന സർക്കാർ. നിക്ഷേപം ആകർഷിക്കുക, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കൂടുതൽ ആളുകളെ മേഖലയിൽ തന്നെ നിലനിർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രീമിയർ ജെറമി റോക്ക്ലിഫ് ഇന്ന് ‘Northern Economic Plan’ പ്രഖ്യാപിക്കും. അടച്ചുപൂട്ടാനൊരുങ്ങുന്ന ബോഗ്സ് ബ്രൂവറി സൈറ്റിന്റെ വികസനത്തിന് പ്രത്യേക നിയമനിർമാണം കൊണ്ടുവരുന്നതും പദ്ധതിയിലെ പ്രധാന നിർദേശങ്ങളിലൊന്നാണ്.

ജൂലൈയിൽ ലോൺസെസ്റ്റണിൽ നടന്ന Northern Tasmania Economic Summit-ൽ 100-ലേറെ വ്യവസായ, പ്രാദേശിക ഭരണകൂട, വിദ്യാഭ്യാസ, സാമൂഹിക മേഖലയിലെ പ്രതിനിധികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്. വടക്കൻ ടാസ്മാനിയയുടെ വികസനത്തിന് പുതിയ അവസരങ്ങളുടെ കാലഘട്ടത്തിന് തുടക്കമിടുന്നതാണ് പദ്ധതിയെന്ന് റോക്ക്ലിഫ് പറഞ്ഞു. ഓസ്ട്രേലിയയിലെ മുൻനിര പ്രാദേശിക വികസന കേന്ദ്രമായി വടക്കൻ ടാസ്മാനിയയെ മാറ്റുന്നതിനുള്ള വഴികാട്ടിയാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 24 പേജുള്ള പദ്ധതിയിൽ അവസരങ്ങൾ തുറക്കുക, നവീകരണത്തിന്റെ ദ്വീപ്, തിരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രം എന്നീ മൂന്ന് പ്രധാന മേഖലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

‘Special Development Precincts’ പ്രഖ്യാപിക്കാനുള്ള പുതിയ അധികാരം സർക്കാർ കൊണ്ടുവരും. തിരഞ്ഞെടുത്ത മേഖലകളിലെ പ്ലാനിങ് നടപടികളും അടിസ്ഥാനസൗകര്യ ഏകോപനവും വേഗത്തിലാക്കുകയാണ് ലക്ഷ്യം. ടാസ്മാനിയൻ പ്ലാനിങ് സ്കീമിൽ ‘Apartment Code’ പൂർത്തിയാക്കുകയും കൂടുതൽ സാന്ദ്രത അനുവദിക്കുന്ന തരത്തിൽ താമസ മേഖലകളിലെ നിർമാണ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യും. സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങളുടെ ഉപയോഗിക്കാത്ത ഭൂമിയും വികസന സാധ്യതയ്ക്കായി പരിശോധിക്കും.

ലോൺസെസ്റ്റൺ നഗരമധ്യത്തിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ മുകളിലത്തെ നിലകൾ വീടുകളാക്കി മാറ്റുന്നതിനുള്ള പദ്ധതിയും പരിഗണിക്കും. ചെറുകിട നിക്ഷേപകർക്ക് സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാൻ ഏകജാലക സംവിധാനം ഒരുക്കും. പുതിയ സാങ്കേതികവിദ്യ സ്വീകരിക്കാൻ ബിസിനസുകളെ സഹായിക്കുന്ന വായ്പാ പദ്ധതിയും ഉണ്ടാകും. 2028ഓടെ വടക്കൻ ടാസ്മാനിയയിൽ 8,000-ത്തിലേറെ പുതിയ തൊഴിലാളികളെ ആവശ്യമുണ്ടാകുമെന്നാണ് പദ്ധതിയിലെ കണക്ക്. പ്രാദേശിക തൊഴിൽശേഷി വികസന പദ്ധതിയും സ്കോട്ട്സ്‌ഡെയിലിൽ കാർഷിക പഠനകേന്ദ്രവും ആരംഭിക്കും.

Premier Jeremy Rockliff

എഐ, ഡാറ്റാ സെന്ററുകൾക്കും സാധ്യത

കൃത്രിമബുദ്ധി (AI), ഡാറ്റാ സെന്ററുകൾ എന്നിവയെ വളർച്ചാ മേഖലയായി പദ്ധതി ചൂണ്ടിക്കാട്ടുന്നു. Firmus Technologies നടത്തിയ എഐ അടിസ്ഥാനസൗകര്യ നിക്ഷേപവും ഇതിൽ പരാമർശിക്കുന്നു. ഓസ്ട്രേലിയൻ മാരിടൈം കോളേജുമായും പ്രതിരോധ മേഖലയുമായും സഹകരിച്ച് ബെൽ ബേയെ സമുദ്ര നിർമ്മാണ, പരിപാലന കേന്ദ്രമായി വികസിപ്പിക്കാനും പദ്ധതിയുണ്ട്. ടാമർ വാട്ടർ സ്കീമിനും ലോൺസെസ്റ്റണിൽ നിന്ന് സ്കോട്ട്സ്‌ഡെയിലിലേക്കുള്ള നിർദിഷ്ട North East Rail Trail പദ്ധതിക്കും ഫെഡറൽ സർക്കാരിന്റെ പിന്തുണ തേടുന്നത് തുടരുമെന്ന് റോക്ക്ലിഫ് പറഞ്ഞു.

ടൂറിസത്തിനും പുതിയ പദ്ധതികൾ

ലോൺസെസ്റ്റണിലെ Cataract Gorge-ന്റെ പ്രവേശന സൗകര്യം, സന്ദർശക വിവരങ്ങൾ, പരിസ്ഥിതി പരിപാലനം, അറ്റകുറ്റപ്പണികൾ എന്നിവ മെച്ചപ്പെടുത്താൻ സിറ്റി കൗൺസിലുമായി സർക്കാർ സഹകരിക്കും. പ്രകൃതി അധിഷ്ഠിത ടൂറിസം, വെൽനെസ്, പ്രീമിയം സന്ദർശക അനുഭവങ്ങൾ എന്നിവയ്ക്കും പദ്ധതി പ്രാധാന്യം നൽകുന്നു. വെൽനെസ് ടൂറിസവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ടാസ്മാനിയയ്ക്ക് ശക്തമായ സാധ്യതയുണ്ടെന്നാണ് രേഖയിൽ പറയുന്നത്. Beer Tasmania എന്ന പുതിയ സംഘടന ‘Northern Beer Trail’, ‘Beer Weekend’ തുടങ്ങിയ പരിപാടികൾ നടത്തും. പ്രാഥമിക പഠനമനുസരിച്ച് ഇവ 150 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 10 മില്യൺ ഡോളർ വരെ സാമ്പത്തിക പ്രവർത്തനം ഉണ്ടാക്കുകയും ചെയ്യുമെന്നാണ് കണക്ക്.

ബോഗ്സ് ബ്രൂവറി സൈറ്റിന് പ്രത്യേക പരിഗണന

മുൻ ബോഗ്സ് ബ്രൂവറി സൈറ്റിനായി പദ്ധതിയിൽ പ്രത്യേക ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. വികസനത്തിന് ആവശ്യമായ അനുമതികൾ വേഗത്തിലാക്കാൻ പ്രത്യേക നിയമനിർമാണം പരിഗണിക്കുന്നതായി സർക്കാർ വ്യക്തമാക്കി. 145 വർഷത്തിന് ശേഷം നവംബർ 6ന് ഇവിടെ ബ്രൂവിങ് പ്രവർത്തനം അവസാനിക്കും. ഇതോടെ 42 തൊഴിലവസരങ്ങൾ നഷ്ടപ്പെടും. ഏകദേശം മൂന്ന് ഹെക്ടർ വരുന്ന സ്ഥലത്ത് ഹോട്ടൽ, അപ്പാർട്ട്മെന്റുകൾ, പൊതുമാർക്കറ്റ്, നവീകരണ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വികസന സാധ്യതകളാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. സൈറ്റ് വാങ്ങാനുള്ള നിർദേശത്തെക്കുറിച്ച് പദ്ധതിയിൽ പരാമർശമില്ല.

ലോൺസെസ്റ്റൺ ഹാർട്ട് സെന്ററിന് 120 മില്യൺ ഡോളർ, UTAS Stadium വികസനത്തിന് 130 മില്യൺ ഡോളർ, Silverdome നവീകരണത്തിന് 12 മില്യൺ ഡോളർ, Bass Highway വികസനത്തിന് 240 മില്യൺ ഡോളർ, ലോൺസെസ്റ്റൺ കൺവെൻഷൻ സെന്ററിന് 10 മില്യൺ ഡോളർ തുടങ്ങിയ നിലവിലുള്ള പദ്ധതികളും സാമ്പത്തിക പദ്ധതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക കൗൺസിലുകൾ, വ്യവസായ മേഖല, ടാസ്മാനിയ സർവകലാശാല, TasTAFE എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. തൊഴിൽ, സ്വകാര്യ നിക്ഷേപം, ജനസംഖ്യാ വളർച്ച, ഭവന ലഭ്യത, സന്ദർശക ചെലവ് എന്നിവയുടെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പുരോഗതി വിലയിരുത്തും. മാറുന്ന സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് പരിഷ്‌കരിക്കാവുന്ന ‘ജീവനുള്ള ചട്ടക്കൂട്’ ആയിരിക്കും പദ്ധതിയെന്ന് സർക്കാർ വ്യക്തമാക്കി.

SCROLL FOR NEXT