Image / Pulse
Tasmania

ടാസ്മാനിയയിൽ റോഡ് ഉപരോധിച്ച് ഒരു ടൺ ഭാരമുള്ള 'നീൽ ദി സീൽ'; കൗതുകത്തോടെ ജനങ്ങൾ

Elizabath Joseph

ഹോബാർട്ട്: ഓസ്‌ട്രേലിയൻ ദ്വീപായ ടാസ്മാനിയയിലെ പ്രശസ്തമായ സെവൻ മൈൽ ബീച്ചിന് സമീപമുള്ള പ്രധാന റോഡ് ജംഗ്ഷനിൽ നിലയുറപ്പിച്ച് ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുത്തി സോഷ്യൽ മീഡിയയിലെ താരം 'നീൽ ദി സീൽ'. ഏകദേശം 1,000 കിലോഗ്രാം (ഒരു ടൺ) ഭാരമുള്ള ഈ കൂറ്റൻ എലിഫന്റ് സീൽ ശനിയാഴ്ച രാവിലെ പത്ത് മണിയോടെ എസ്‌പ്ലാനേഡ്, സർഫ് റോഡ് ജംഗ്ഷനിലാണ് കയറി കിടന്നത്. വാഹനാപകട സാധ്യത കണക്കിലെടുത്ത് ടാസ്മാനിയൻ പോലീസ് ഈ റോഡ് താൽക്കാലികമായി അടയ്ക്കുകയും വന്യജീവി വിദഗ്ദ്ധരെ വിവരമറിയിക്കുകയും ചെയ്തു. ജനവാസ മേഖലയിലേക്ക് ഇരച്ചുകയറുന്നതിനിടയിൽ റോഡരികിലെ കോൺക്രീറ്റ് ബോല്ലാർഡുകൾ തകർക്കാനും ഈ ഭീമൻ മടിച്ചില്ല.

വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരെത്തി പ്രത്യേക ശബ്ദങ്ങളും പാഡ് ഘടിപ്പിച്ച പോളുകളും (Padded poles) ഉപയോഗിച്ച് ഏറെ പ്രയത്നിച്ചാണ് നീലിനെ സുരക്ഷിതമായി തിരികെ ബീച്ചിലേക്ക് തിരിച്ചുവിട്ടത്. മുൻപ് ചെറുതായിരുന്നപ്പോൾ നീലിനെ ടാർപോളിൻ ഉപയോഗിച്ച് വലിച്ച് ട്രെയിലറിൽ കയറ്റി മാറ്റിപ്പാർപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പൂർണ്ണ വളർച്ചയെത്തിയ (Subadult) വലിയൊരു മൃഗമായി മാറിയതിനാൽ ഇത്തരം പരമ്പരാഗത മാർഗ്ഗങ്ങൾ അപകടകരമാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സസ് ആൻഡ് എൻവയോൺമെന്റ് (NRE Tas) വ്യക്തമാക്കി. ഒരു ടൺ ഭാരമുള്ള വന്യമൃഗത്തിന്റെ ചെറിയൊരു ചലനം പോലും മനുഷ്യർക്ക് മാരകമായ പരിക്കുകൾ ഉണ്ടാക്കുമെന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ശാസ്ത്രീയ മാർഗ്ഗങ്ങളാണ് ഇതിനായി ഉപയോഗിച്ചതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

2020-ൽ ജനിച്ച നീൽ, 2022 ജൂലൈ മാസത്തിൽ ദക്ഷിണ ടാസ്മാനിയയിലെ റോഡുകളിൽ ട്രാഫിക് കോണുകൾ ഉപയോഗിച്ച് കളിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് അന്താരാഷ്ട്ര തലത്തിൽ വൈറലായത്. ജനങ്ങളുടെ പുൽത്തകിടിയിൽ ഉറങ്ങുന്നതും റോഡ് ഉപരോധിക്കുന്നതുമായ നീലിന്റെ വിഡിയോകൾക്ക് ടിക്ടോക്കിലും (TikTok) ഇൻസ്റ്റാഗ്രാമിലും ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. നീലിനെ കാണാൻ വൻതോതിൽ ആളുകൾ തടിച്ചുകൂടിയതോടെ, മൃഗത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങൾ നീലിൽ നിന്നും കുറഞ്ഞത് 20 മീറ്ററും വളർത്തുനായ്ക്കൾ 50 മീറ്ററും അകലം പാലിക്കണമെന്ന് വന്യജീവി വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജനക്കൂട്ടം തടിച്ചുകൂടുന്നത് ഒഴിവാക്കാൻ നീലിന്റെ തത്സമയ ലൊക്കേഷൻ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.

SCROLL FOR NEXT