ഹൊബാർട്ട്: ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് ടാസ്മാനിയയിൽ ഇന്ന് നിരവധി സ്കൂളുകൾ പ്രവർത്തിക്കില്ല. വിദ്യാഭ്യാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ക്ലീനർമാർ, അടുക്കള തൊഴിലാളികൾ, ഗ്രൗണ്ട് കീപ്പർമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് ഇന്ന് പണിമുടക്കുന്നത്. ഏകദേശം മൂന്ന് പതിറ്റാണ്ടോളമായി മാറ്റമില്ലാത്ത സൗകര്യങ്ങളും ജീവനക്കാരുടെ എണ്ണത്തിലും പ്രതിഷേധിച്ചാണ് ഇന്ന് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. കിംഗ് ഐലൻഡ് ഡിസ്ട്രിക്റ്റ് ഹൈസ്കൂൾ മുതൽ ഹോബാർട്ടിലെ റോസ് ബേ ഹൈ വരെ നിരവധി സ്കൂളുകൾ ഇന്ന് അടച്ചിടും
തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പ്രീമിയർ ജെറമി റോക്ലിഫിന്റെ ഡെവൺപോർട്ടിലെ ഓഫീസിന് മുന്നിലും ഹോബാർട്ടിലെ പാർലമെന്റ് ഹൗസിന് മുന്നിലും പണിമുടക്കുന്നവർ റാലികൾ നടത്തും.
1997 മുതൽ പുതിയ സൗകര്യങ്ങൾ, വിപുലീകരിച്ച പരിപാടികൾ, ആധുനിക വിദ്യാഭ്യാസ സമീപനങ്ങൾ എന്നിവ ഉപയോഗിച്ച് സ്കൂളുകൾ പൂർണ്ണമായും രൂപാന്തരപ്പെട്ടുവെങ്കിലും പക്ഷേ ഇതെല്ലാം സാധ്യമാക്കുന്ന ആളുകളിൽ നിക്ഷേപം മറന്നുപോയെന്നാണ് ബോത്ത്വെൽ ആസ്ഥാനമായുള്ള വിദ്യാഭ്യാസ സൗകര്യ അറ്റൻഡന്റായ ജോൺ വെബ്ബ് പറഞ്ഞത്.
യുണൈറ്റഡ് വർക്കേഴ്സ് യൂണിയൻ (യുഡബ്ല്യുയു) പറയുന്നതനുസരിച്ച്, 1997-ൽ ആഴ്ചയിൽ 10 പാചക ക്ലാസുകൾ നടത്തിയിരുന്ന അടുക്കള ജീവനക്കാർ ഇപ്പോൾ 36 ക്ലാസുകൾ വരെ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലാണ്. ജോലിഭാരം മൂന്നിരട്ടിയിലധികമായെങ്കിലും അതിനുള്ള അധിക സൗകര്യങ്ങളോ ആനുകൂല്യങ്ങളോ ലഭ്യമല്ലെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം.
അതേസമയം പണിമുടക്ക് നടപടിയെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പ് അറിയിച്ചത്. “2016 ലെ വിദ്യാഭ്യാസ നിയമം പ്രകാരമുള്ള ബാധ്യതകൾ നിറവേറ്റുന്നതിനും ഞങ്ങളുടെ കുട്ടികളുടെയും യുവാക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും സ്കൂൾ ദിനത്തിൽ ചില സ്കൂളുകൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്,” ഒരു വകുപ്പ് വക്താവ് പറഞ്ഞു.
ഇന്ന് അടച്ചിടുന്ന സ്കൂളുകള്
കേംബ്രിഡ്ജ് പ്രൈമറി സ്കൂൾ
ഡോഡ്ജസ് ഫെറി പ്രൈമറി സ്കൂൾ
ഓട്ട്ലാൻഡ്സ് ഡിസ്ട്രിക്റ്റ് സ്കൂൾ
റോസ് ബേ ഹൈസ്കൂൾ
സോറൽ സ്കൂൾ
സ്പ്രിംഗ്ഫീൽഡ് ഗാർഡൻസ് പ്രൈമറി സ്കൂൾ
ഡെവോൺപോർട്ട് ഹൈസ്കൂൾ
കിംഗ് ഐലൻഡ് ഡിസ്ട്രിക്റ്റ് ഹൈസ്കൂൾ
പാർക്ക്ലാൻഡ്സ് ഹൈസ്കൂൾ
പെൻഗ്വിൻ ഡിസ്ട്രിക്റ്റ് സ്കൂൾ
പോർട്ട് ഡാൽറിംപിൾ സ്കൂൾ
ടേബിൾ കേപ്പ് പ്രൈമറി സ്കൂൾ
വൈൻയാർഡ് ഹൈസ്കൂൾ