ഹോബാർട്ട്: സാംസ്കാരിക വൈവിധ്യം ഉറപ്പാക്കാനെന്ന പേരിൽ വർഷാവസാന ക്രിസ്മസ് കരോൾ ആഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ച പ്രൈമറി സ്കൂളിന്റെ നടപടിക്കെതിരെ രക്ഷിതാക്കളും സർക്കാരും രംഗത്ത്. ടാസ്മാനിയയിലെ ലോൺസെസ്റ്റണിലുള്ള ട്രെവല്ലിൻ പ്രൈമറി സ്കൂളാണ്വർഷങ്ങളായി നടത്തിവന്നിരുന്ന 'ക്രിസ്മസ് ഓൺ ദി ഹിൽ' എന്ന വാർഷിക സംഗീത പരിപാടിയുടെ പേര് മാറ്റി 'ഹോളിഡേ ഓൺ ദി ഹിൽ' എന്നാക്കി മാറ്റിയത്. ഇതിനുപുറമെ, പാരമ്പര്യ ക്രിസ്മസ് കരോളുകൾക്ക് പകരം പോപ്പ് ഗാനങ്ങൾ ഉൾപ്പെടുത്തുകയും 'സീക്രട്ട് സാന്റ' എന്നതിന് പകരം 'ഹോളിഡേ ഗിഫ്റ്റിംഗ്' എന്ന് പേരുമാറ്റുകയും ചെയ്തു.
വൈവിധ്യമാർന്ന മത-സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കേന്ദ്രീകൃതമായ പരിപാടികളിൽ പങ്കെടുക്കാൻ പ്രയാസമുള്ളതിനാലാണ് മാറ്റം വരുത്തിയതെന്ന് ആക്ടിംഗ് പ്രിൻസിപ്പൽ ജെയ്ൻ ഹഡ്സൺ വിശദീകരിച്ചു. എന്നാൽ, ഉൾക്കൊള്ളൽ (Inclusion) എന്നതിന്റെ പേരിൽ ഓസ്ട്രേലിയൻ സമൂഹത്തിന്റെ പരമ്പരാഗത ആചാരങ്ങളെയും സംസ്കാരത്തെയും മാറ്റിനിർത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി രക്ഷിതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
വിവാദം രൂക്ഷമായതോടെ നിലപാട് വ്യക്തമാക്കി ടാസ്മാനിയൻ പ്രീമിയർ ജെറമി റോക്ക്ലിഫ് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് കത്തയച്ചു. ക്രിസ്മസ് എന്നത് ഓസ്ട്രേലിയൻ ജീവിതരീതിയുടെയും സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും മറ്റ് പാരമ്പര്യങ്ങളെ മാനിക്കുന്നുണ്ടെങ്കിലും സ്വന്തം പാരമ്പര്യം ഉപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂളുകൾ മുൻപത്തെപ്പോലെ തന്നെ ക്രിസ്മസ് ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, പരിപാടിയിൽ ക്രിസ്മസ് തീമുകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന ക്ലാസുകൾക്ക് അതിനുള്ള അനുമതി നൽകുമെന്നും സാന്റാ ക്ലോസിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചു.