Tasmania

കിംഗ് ഐലൻഡിൽ ഇന്ധനക്ഷാമമില്ല; ആഴ്ചകളിലേക്കുള്ള സ്റ്റോക്ക് ഉണ്ടെന്ന് ടാസ്മാനിയൻ സർക്കാർ

ദ്വീപിലെ മൊത്തവ്യാപാര ഇന്ധന സംഭരണം കൈകാര്യം ചെയ്യുന്ന ടാസ്‌പോർട്ട്‌സ് (TasPorts), തങ്ങളുടെ പക്കൽ ആവശ്യത്തിന് ശേഖരമുണ്ടെന്നും വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും അറിയിച്ചു

Elizabath Joseph

ഹോബാർട്ട്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധന വിതരണത്തിൽ ആശങ്ക നിലനിൽക്കുന്നതിനിടെ, ടാസ്മാനിയയിലെ കിംഗ് ഐലൻഡിൽ ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്ന് സർക്കാർ പാർലമെന്റിനെ അറിയിച്ചു. ദ്വീപിലെ പെട്രോൾ പമ്പുകൾ പലതവണ വറ്റിയതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു ഡെപ്യൂട്ടി പ്രീമിയർ ഗൈ ബാർനെറ്റ്.

കിംഗ് ഐലൻഡിലെ ജനങ്ങൾ "കുതിരവണ്ടികളുടെ കാലത്തേക്ക്" തിരിച്ചുപോകേണ്ടി വരുമോ എന്ന് ഭയക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് ജോഷ് വില്ലി ആരോപിച്ചു. സർക്കാർ സുതാര്യത കാട്ടുന്നില്ലെന്നും കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ചൊവ്വാഴ്ച രാവിലെ ലഭിച്ച കണക്കുകൾ പ്രകാരം കിംഗ് ഐലൻഡിൽ ഏഴ് ആഴ്ചത്തേക്കുള്ള പെട്രോളും ഒമ്പത് ആഴ്ചത്തേക്കുള്ള ഡീസലും സ്റ്റോക്കുണ്ടെന്ന് ഗൈ ബാർനെറ്റ് വ്യക്തമാക്കി.

ദ്വീപിലെ മൊത്തവ്യാപാര ഇന്ധന സംഭരണം കൈകാര്യം ചെയ്യുന്ന ടാസ്‌പോർട്ട്‌സ് (TasPorts), തങ്ങളുടെ പക്കൽ ആവശ്യത്തിന് ശേഖരമുണ്ടെന്നും വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും അറിയിച്ചു. പമ്പുകളിൽ ഇന്ധനം തീരുന്നത് വിതരണത്തിലെ കുറവ് കൊണ്ടല്ല, മറിച്ച് പെട്ടെന്നുണ്ടാകുന്ന ഡിമാൻഡ് കാരണമാണെന്ന് സർക്കാർ വെബ്‌സൈറ്റായ ടാസ് അലർട്ട് (TasALERT) വിശദീകരിച്ചു. ഇന്ധന വിതരണത്തിന്റെ തത്സമയ വിവരങ്ങൾ അറിയാൻ 'ഫ്യൂവൽ ചെക്ക്' (FuelCheck) ആപ്പ് പരിഷ്‌കരിച്ചതായും ഓരോ 30 മിനിറ്റിലും പമ്പുകളിലെ സ്റ്റോക്ക് വിവരം ഇതിൽ ലഭ്യമാകുമെന്നും സർക്കാർ അറിയിച്ചു.

SCROLL FOR NEXT