ഹ്യൂൺ ഹൈവേയിൽ റോഡ് നിർമാണം Michael Evans/ Unsplash
Tasmania

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ഹ്യൂൺ ഹൈവേയിൽ റോഡ് നിർമാണം, മാസങ്ങളോളം ഗതാഗത തടസം

കാലാവസ്ഥ അനുകൂലമായാൽ 2026 മാർച്ച് അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് പ്രതീക്ഷ.

Elizabath Joseph

ഹ്യൂൺ ഹൈവേയിൽ നടക്കുന്ന റോഡ് നിർമാണ പ്രവർത്തനങ്ങൾ കാരണം കിംഗ്സ്റ്റൺ–ഹ്യൂൺ വാലി മേഖലയിലേക്ക് യാത്ര ചെയ്യുന്ന വാഹനയാത്രക്കാർക്ക് ജനുവരി ആദ്യം മുതൽ മാർച്ച് അവസാനം വരെ ഗതാഗത തടസം നേരിടേണ്ടിവരും.

വ്യാപകമായ അറ്റകുറ്റപ്പണികളും റോഡ് ശക്തിപ്പെടുത്തൽ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ലെയിൻ അടച്ചിടലും വേഗപരിധി കുറയ്ക്കലും നടപ്പാക്കും. നിർമാണ സമയങ്ങളിൽ യാത്രക്കാർക്ക് പരമാവധി 15 മിനിറ്റ് വരെ അധിക യാത്രാസമയം വേണ്ടി വരാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ജനുവരി 5, തിങ്കളാഴ്ച മുതൽ ലെസ്ലി വെയിലിലെ ലെസ്ലി റോഡിന് സമീപവും കിംഗ്സ്റ്റണിൽ സമ്മർലീസ് റോഡും സൗതേൺ ഔട്ട്ലെറ്റ് ഇന്റർചേഞ്ചും തമ്മിലുള്ള ഭാഗത്തുമാണ് ഒരേസമയം പ്രവർത്തനങ്ങൾ ആരംഭിക്കുക.

ലെസ്ലി വെയിൽ ഭാഗത്ത് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ തൊഴിലാളികൾ പ്രവർത്തിക്കും. ഈ മേഖലയിലുടനീളം ലെയിൻ നിയന്ത്രണങ്ങളും വേഗപരിധി കുറച്ചുള്ള ഗതാഗത നിയന്ത്രണങ്ങളും ഉണ്ടാകും.

ജനുവരി 11 ഞായറാഴ്ച മുതൽ 14 ബുധനാഴ്ച വരെ രാത്രി 6 മുതൽ രാവിലെ 6 വരെ ഡ്രെയിനേജ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനായി നൈറ്റ് വർക്ക്‌സും നടക്കും.

കിംഗ്സ്റ്റൺ മേഖലയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ലെയിൻ അടച്ചിടൽ. പദ്ധതിയുടെ മുഴുവൻ കാലയളവിലും വേഗപരിധി നിയന്ത്രണം തുടരും. സ്കൂൾ അവധിക്കാലത്തെ കുറഞ്ഞ ഗതാഗതം പരിഗണിച്ചാണ് ഈ പ്രവർത്തനങ്ങൾ സമയക്രമീകരിച്ചതെന്ന് സ്റ്റേറ്റ് ഗ്രോത്ത് വ്യക്തമാക്കി.

ഓസ്ട്രേലിയൻ സർക്കാരും ടാസ്മാനിയ സർക്കാരും സംയുക്തമായി നടപ്പാക്കുന്ന Freight Capacity Upgrade Programന്റെ ഭാഗമായാണ് ഈ നിർമാണം. സംസ്ഥാനത്തുടനീളം റോഡുകളും പാലങ്ങളും ശക്തിപ്പെടുത്തി ഭാരവാഹന ഗതാഗതത്തിന്റെ വിശ്വാസ്യത വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാലാവസ്ഥ അനുകൂലമായാൽ 2026 മാർച്ച് അവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് പ്രതീക്ഷ.

SCROLL FOR NEXT